ആത്മകഥ/ ജി. ജനാര്‍ദ്ദനക്കുറുപ്പ്
ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടുകൂടി എന്റെ ടെലഫോണ്‍ നിര്‍ബന്ധബുദ്ധിയോടെ ശബ്ദിച്ചു തുടങ്ങി. കുറേയേറെ നേരം തുരുതുരാ അടിച്ച് ക്ഷീണിച്ച ശേഷം ടെലിഫോണ്‍ നിന്നു. നഷ്ടപ്പെട്ടുപോയ നിദ്രയിലേക്ക് ഞാന്‍ വീണ്ടും വഴുതിവീണു. വീണ്ടും ഫോണ്‍ ശബ്ദിച്ചു. ഒന്നുരണ്ട് തവണ അടിച്ചിട്ട് നില്‍ക്കുന്നെങ്കില്‍ നിന്നോട്ടെ എന്ന് കരുതി നിസ്സംഗനായി ഞാന്‍ കട്ടിലില്‍ കിടന്നു.
എന്റെ ഭാര്യ ”ആരോ നിരന്തരമായി ഫോണ്‍ ചെയ്യുന്നുവല്ലോ ഒന്നെടുത്തു നോക്കൂ” എന്നു പറഞ്ഞു. അതുകേട്ട് മനസില്ലാ മനസ്സോടെ ഞാന്‍ ഫോണ്‍ എടുത്തു.
”ഹലോ ഇത് സി.എമ്മിന്റെ ഓഫീസില്‍ നിന്നാണ്. ഇത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയാണ്”. ശശി കണ്ടാല്‍ സുമുഖന്‍. കാര്യത്തിന് പ്രാപ്തന്‍. ”എന്താണ് സഖാവേ” എന്ന് ഉറക്കപ്പിച്ചോടെ ഞാന്‍ ചോദിച്ചു.
പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കൂ എന്നായി ശശി. എനിക്ക് ദേഷ്യം വന്നു.
ഞാന്‍ ശ്രദ്ധയില്ലാതെ കേള്‍ക്കുന്നയാളാണെന്ന് തനിക്കെന്നാടോ തോന്നിയത്? അല്പം ശുണ്ഠിയോടെ ഞാന്‍ ചോദിച്ചു.
സൂര്യനെല്ലി കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സഖാവിനെ നിയമിച്ചുകൊണ്ട് സി.എം ഉത്തരവിട്ടിരിക്കുന്നു. ഉത്തരവിട്ടത് ഇന്നലെയാണ്. അറിയിക്കാന്‍ താമസിച്ചുപോയി. അതുകൊണ്ട് ഇന്നലത്തെ ഡേറ്റ് വെച്ച് സമ്മതപത്രം എഴുതി ഒപ്പിട്ട് അയക്കണം.
ഞാനൊരു പാര്‍ട്ടി മെമ്പറാണ്. അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നോട് ചോദിക്കാതെയും പറയാതെയും നിയമനം നടത്തിയിട്ട് സമ്മതപത്രം ഒപ്പിട്ടയക്കാന്‍ പറയുന്നത് ശരിയല്ല, എന്നെനിക്ക് തോന്നി.
സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കുവേണ്ടി പി.ജെ. കുര്യനെതിരായി ഹൈക്കോടതിയില്‍ ഞാന്‍ ഒരു റിട്ട് കൊടുത്തിരുന്നു. ആ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം തെരഞ്ഞെടുപ്പിന് മുമ്പ് എന്നെവന്ന് കണ്ടിരുന്നു. പി.ജെ. കുര്യന്‍ ആ പെണ്‍കുട്ടിയെ ദ്രോഹിച്ചുവെന്നും മറ്റും ആ മാതാപിതാക്കള്‍ എന്നോട് പറഞ്ഞു.
മൈനര്‍ ആയ ആ പെണ്‍കുട്ടിയോട് അവള്‍ ബലാത്സംഗം ചെയ്യപ്പെട്ട സാഹചര്യത്തെ കുറിച്ച് ചോദിക്കാന്‍ എനിക്ക് വിഷമമായിരുന്നു.
ദുരന്താനുഭവം
അവര്‍ വീട്ടില്‍ വന്നപ്പോള്‍ എന്റെ മകള്‍ ശാരദയും ഇന്ത്യന്‍ എക്സ്പ്രസ് കറസ്പോണ്ടന്റ് ലീലാ മേനോനും ഉണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ മാത്രം പ്രത്യേകം വിളിച്ച് അവള്‍ക്ക് നേരിട്ട ദുരന്തമെന്താണെന്ന് ഒരു നോട്ട്ബുക്കിലെഴുതാന്‍ അവളോട് പറഞ്ഞു. നോട്ട്ബുക്കും കൊടുത്തു.
അവള്‍ പറഞ്ഞ കഥ എന്റെ മകള്‍ ശാരദയാണ് എഴുതിയെടുത്തത്. ലീലാ മേനോന്‍ വളരെ കഴിവുള്ള ഒരു ജേര്‍ണലിസ്റ്റാണ്. സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിലെ ഒരു ധീരവനിതയാണവര്‍. അവരുടെ സഹായിയും സുഹൃത്തുമായിരുന്നു എന്റെ മകള്‍ ശാരദ. ശാരദ അമേരിക്കയില്‍ പോയി ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എസ്. ഡിഗ്രിയെടുത്ത് മടങ്ങിവന്നവളാണ്.
ആ രണ്ട് മനശാസ്ത്രജ്ഞകളും കൂടെ പെണ്‍കുട്ടിയെ നോവിക്കാതെ ഓരോ വിവരവും ചോദിച്ച് മനസിലാക്കി എഴുതിയെടുത്തു.
അന്നുതന്നെ ഞാന്‍ ടെലിഫോണ്‍ ചെയ്ത് ഹൈക്കോടതിയിലെ യുവ അഭിഭാഷകനായ പി.വി. സുരേന്ദ്രനാഥിനെയും വിളിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആത്മകഥാകഥനം കേട്ടതിന് ശേഷം ഞങ്ങള്‍ ആ പെണ്‍കുട്ടിയെ ഞങ്ങളുടെ ഓഫീസ് റൂമില്‍ വിളിപ്പിച്ചു.
അനുഭാവപൂര്‍വമെങ്കിലും വളരെ നിശിതമായിട്ടാണ് ഞാന്‍ അവളെ ചോദ്യം ചെയ്തത്. പറഞ്ഞത് മുഴുവന്‍ അതിശയോക്തി കലരാത്ത പച്ചപരമാര്‍ത്ഥമായിരുന്നു എന്നെനിക്ക് മനസ്സിലായി.
എന്നാല്‍ തന്റെ അനുഭവങ്ങള്‍ കാണിച്ച് എ.കെ. ആന്റണിക്ക് പരാതി കൊടുത്തപ്പോള്‍ അദ്ദേഹം വേണ്ട പരിഗണന നല്‍കിയില്ലെന്നും ഏതോ ഒരു പൊലീസുദ്യോഗസ്ഥനെ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചുകൊണ്ട് ഉത്തരവിട്ടുവെന്നും അതിന് ശേഷം ഒന്നും നടന്നിട്ടില്ലെന്നും അവള്‍ പരാതി പറഞ്ഞു.
ആ പെണ്‍കുട്ടിക്കുണ്ടായ ദുരന്താനുഭവങ്ങള്‍ ഞാനിവിടെ വിവരിക്കുന്നില്ല. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അനുഭവം കേട്ടിട്ട് അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ എനിക്ക് തീവ്രമായ മനോവേദനയുണ്ടായി. ഞാനൊരു അഭിഭാഷകനാണെന്ന് പോലും മറന്നുപോയി. ഇത്തരം ഹീന പ്രവര്‍ത്തികള്‍ കാട്ടുന്നവരുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരികയും അവരെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യേണ്ടത് ഏതൊരു ജനാധിപത്യ ഗവണ്‍മെന്റിന്റേയും കര്‍ത്തവ്യമായിട്ടാണ് എനിക്ക് തോന്നിയത്.
അന്നത്തെ മുഖ്യമന്ത്രിയുടെ ആഭിമുഖ്യത്തിലുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും വളരെയധികം സ്വാധീനവും സാമ്പത്തിക ബലവുമുള്ള പ്രതിയെ കോടിതിയിലെത്തിക്കുക ദുഷ്‌കരമാണെന്നും അതിനാല്‍ കേസ് സി.ബി.ഐയെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കണമെന്നും കാണിച്ച് ഒരു റിട്ട് ഹരജി ഞാന്‍ പെണ്‍കുട്ടിയുടെ പിതാവ് മാണി മാര്‍ക്കോസിനെക്കൊണ്ട് ഹൈക്കോടതിയില്‍ കൊടുപ്പിച്ചു.
അത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ജസ്റ്റിസ് തുളസീദാസിന്റെ മുന്‍പില്‍ റിട്ട് വന്നപ്പോള്‍ അദ്ദേഹം അത് ഫയലില്‍ സ്വീകരിച്ചു
അന്വേഷണത്തെക്കുറിച്ചുള്ള പൂര്‍ണവിവരം കോടതിയിലറിയിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ട് കോടതി ഉത്തരവിറക്കി. രണ്ടാഴ്ചക്കകം ഒരു സീല്‍ഡ് കവര്‍ റിപ്പോര്‍ട്ട് വന്നു. അത് പൊട്ടിച്ച് എനിക്ക് വായിക്കുവാന്‍ കോടതി തന്നു. വായിച്ച് തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥയില്‍.
അതിനകത്ത് പി.ജെ. കുര്യന്‍ നിരപരാധിയാണെന്നും മറ്റുള്ള കുറ്റക്കാര്‍ക്കെതിരായ ദ്രുതഗതിയില്‍ അന്വേഷണം നടന്നുവരുന്നുണ്ടെന്നും വളരെവേഗം അവര്‍ക്കെതിരായ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാമെന്നും എഴുതിയിരുന്നു. ആയിടയ്ക്കാണ് പൊതുതെരഞ്ഞെടുപ്പ് വന്നത്.
രാഷ്ട്രീയ സദാചാര മേഖലകളിലെല്ലാം കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധപതിച്ചുകഴിഞ്ഞുവെന്നും കുറ്റക്കാര്‍ നേതാക്കന്‍മാരായിത്തീര്‍ന്നാല്‍ അവരെ വെള്ളപൂശി സംരക്ഷിക്കാനുള്ള വ്യഗ്രത ഗവണ്‍മെന്റ് കാണിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് പ്രചണ്ഡമായ പ്രസംഗപര്യടനങ്ങള്‍ ഇടതുപക്ഷ നേതാക്കന്‍മാര്‍ നടത്തിക്കൊണ്ടിരുന്നു.
അതുകൊണ്ട് അത്തരം ഒരു കേസില്‍ രാഷ്ട്രീയ പക്ഷപാതിത്തം എന്റെ മേല്‍ ആരോപിക്കപ്പെടുമെന്നും ഞാന്‍ വിവാദവിധേയനായ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി മുദ്രകുത്തപ്പെടുമെന്നും എനിക്ക് അതിയായ ആശങ്കയുണ്ടായിരുന്നു.
മറ്റ് പല മേഖലകളിലും എനിക്ക് ചില ന്യൂനതകള്‍ ഉണ്ടാകാം. പക്ഷേ എന്റെ മേഖല അഭിഭാഷകവൃത്തി ആണെന്നിരിക്കെ ആ മേഖലയില്‍ എന്റെ പ്രവൃത്തി കുറ്റമറ്റതാകണമെന്നും സത്യസന്ധമായിരിക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ യാതൊരു വിധമായ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യാജതെളിവുകളും ചമച്ച് പ്രതികളെ ശിക്ഷിപ്പിക്കുവാനുള്ള ആവേശം ഞാന്‍ ഒരിക്കലും കാണിച്ചിരുന്നില്ല. അതുകൊണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമനമുണ്ടായപ്പോള്‍ എനിക്ക് വലിയ ആവേശമൊന്നും തോന്നിയില്ല.
എന്നെ സഹായിക്കുന്നതിന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി എന്റെ അപേക്ഷപ്രകാരം ഹൈക്കോടതിയിലെ അഡ്വക്കറ്റായ പി.വി. സുരേന്ദ്രനാഥിനെ ഗവണ്‍മെന്റ് നിയമിച്ചു. അദ്ദേഹത്തിന് വേണ്ടത്ര സമര്‍പ്പണബോധവും പ്രത്യുല്‍പന്നമതിത്വവും ഉണ്ടായിരുന്നു.
ആയിരക്കണക്കിന് പേജുള്ള കേസ് ഡയറി ഞങ്ങളൊരുമിച്ചിരുന്ന് എട്ടൊമ്പതുദിവസമായി വായിച്ചുതീര്‍ത്തു. അപ്പോഴാണ് കേസന്വേഷണം ദുര്‍ബലമാണെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നും വരുത്താനുള്ള ചില അന്വേഷണ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമായത്.
പത്തുനാല്‍പതാളുകള്‍ ഒറ്റയ്ക്കും ചെറുകൂട്ടങ്ങളായും പലസ്ഥലത്തുവെച്ചും ഒരു പെണ്ണിന്റെ മേല്‍ നടത്തിയ കുറ്റകൃത്യം ഒറ്റക്കേസായി ചാര്‍ജ് ചെയ്യുവാനും ഒരു പ്രത്യേക കോടതിയുടെ പരിധിയില്‍ കേസ് നടത്തുവാനും കഴിയുകയില്ല, എന്ന് കുറേയൊക്കെ കേസ് നടത്തി പരിചയമുള്ള ഞങ്ങള്‍ക്ക് ബോധ്യമായി.
പ്രധാനപ്രതികളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരിക്കെ അത്തരം ഗൂഢാലോചനയെ തെളിയിക്കുന്നതിനുള്ള യാതൊരു അന്വേഷണവും പ്രാദേശിക പൊലീസ് നടത്തിയിട്ടില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. പെണ്‍വാണിഭത്തിനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് തീര്‍ച്ചയായി. അതിനുള്ള വ്യക്തമായ തെളിവുകളും അന്വേഷണത്തില്‍ പൊന്തിവന്നിട്ടുണ്ട്.
പക്ഷേ അത്തരം ഒരു ഗൂഡാലോചനാക്കേസ് അന്വേഷിച്ച് കണ്ടുപിടിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ കേസ് ചാര്‍ജ് ചെയ്യാനും യാതൊരു ശ്രമവും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ചെയ്തിട്ടില്ല. കുട്ടിയെ പല സ്ഥലത്തും കസ്റ്റഡിയില്‍ വെച്ച് കുട്ടിയുടെ സമ്മതം കൂടാതെ പല ആളുകള്‍ക്കും ലൈംഗികശമനത്തിന് കാഴ്ചവെച്ച് പണം നേടിയ തെളിവുകള്‍ കേസന്വേഷണത്തിലുണ്ടായിരുന്നു.
എന്നാല്‍ അതൊക്കെ പെണ്ണിന്റെ സമ്മതത്തോട് കൂടിയായിരുന്നെന്നും സ്വമേധയാ പെണ്‍കുട്ടി അതിന് വഴങ്ങുകയായിരുന്നെന്നും അതിനുള്ള പ്രതിഫലം അവള്‍ക്ക് കിട്ടിയിരിക്കാമെന്നുമുള്ള ഊഹവുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കണ്ടെത്തല്‍. മാത്രവുമല്ല, പെണ്ണിന് ഏതുനിമിഷവും സ്വയരക്ഷയ്ക്ക് വേണ്ടി വേണ്ടപ്പെട്ടവരെ വിവരമറിയിക്കാന്‍ സന്ദര്‍ഭമുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്ന വണ്ണം അന്വേഷണം പ്രതിഭാഗത്തിനനുകൂലമായി തിരിച്ചുവിട്ടിരുന്നു.
പ്രതികളായി വരേണ്ടവരെ സാക്ഷികളായി രൂപാന്തരപ്പെടുത്തി അവരില്‍ നിന്നും മൊഴി വാങ്ങി പ്രതികളെ മോചിപ്പിക്കാന്‍ ഉപോല്‍ബലകമായ തെളിവിനങ്ങള്‍ ശേഖരിച്ചിരുന്നു. കൃത്രിമവും ബീഭത്സവുമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുള്ള തെളിവുകള്‍ അന്വേഷണ ഫയലില്‍ അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടപ്പുണ്ടായിരുന്നു.
ആദ്യമായി ഇന്‍വസ്റ്റിഗേഷന്‍ നടത്തിയ ഉദ്യോഗസ്ഥന്മാരെയും അവരുടെ മേലുദ്യോഗസ്ഥന്‍മാരേയും വിളിച്ചുവരുത്തി തീവ്രമായി ചോദ്യം ചെയ്തു. അതിന് വേണ്ടുന്ന സഹായം ഞങ്ങള്‍ക്ക് ചെയ്തത് പുതിയ അന്വേഷണത്തിന്റെ ചുമതലക്കാരനായി നിയമിക്കപ്പെട്ട ഡി.ഐ.ജി സിബി മാത്യൂസായിരുന്നു. അദ്ദേഹത്തെ സഹായിക്കാന്‍ ഡി.വൈ.എസ്.പി ജോഷ്വയുമുണ്ടായിരുന്നു.
രണ്ടുപേരും സമര്‍ത്ഥരായ അന്വേഷണ ഉദ്യോഗസ്ഥന്‍മാരായിരുന്നു. പി.ജെ. കുര്യന് കേസിലുള്ള പങ്കിനെക്കുറിച്ച് സിബി മാത്യൂസിനും എനിക്കും വിരുദ്ധമായ കാഴ്ചപ്പാടാണുണ്ടായിരുന്നത്. എങ്കിലും പൊതുവെ അദ്ദേഹം സത്യസന്ധനും സുശക്തനുമായ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. ആ അന്വേഷണ ഫയലില്‍ നിന്നും കൊത്തിപ്പെറുക്കി സത്യസന്ധമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
എന്നാല്‍ പൊലീസിന്റെ അന്വേഷണവുമായി ബന്ധപ്പെടാതെ തന്നെ തെരഞ്ഞെടുപ്പിന് വളരെ മുമ്പ് പി.ജെ. കുര്യനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനോരമ ഉള്‍പ്പെടെയുള്ള എല്ലാ ദിനപത്രങ്ങളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു.
അദ്ദേഹത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനം മലയാള മനോരമയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. മറ്റു പത്രങ്ങളും വാരികകളും പെണ്‍കുട്ടിയുടെ പക്ഷം പറഞ്ഞു വാദിച്ചു. പി.ജെ. കുര്യന് പറഞ്ഞിരിക്കുന്ന ദിവസമോ സമയത്തോ കുമിളിയില്‍ എത്താന്‍ കഴിയുമായിരുന്നില്ല എന്നായിരുന്നു സിബി മാത്യൂസിന്റെ കണ്ടെത്തല്‍.
എനിക്ക് കുര്യനോട് ഒരു വിരോധവുമില്ല. ഞാനദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ല. ഒരു പ്രത്യേക മതവിഭാഗത്തിന്റെ പ്രതിനിധിയായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വളരെ വേഗം വളര്‍ന്നെത്തിയ ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം.
പക്ഷേ പെണ്‍കുട്ടി എന്നോട് കരഞ്ഞുപറഞ്ഞതു കൊണ്ടും, വിശദമായി ക്രോസ് ചെയ്തിട്ടും അവള്‍ നടത്തിയ ആരോപണങ്ങളില്‍ നിന്ന് അവളെ വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടും കുര്യനെപ്പറ്റിയുള്ള അന്വേഷണം കൂടുതല്‍ വിശദമായി നടത്തണമെന്ന് എനിക്ക് തോന്നി.
അടിസ്ഥാനരഹിതമായ ഒരു സ്ത്രീപീഡന ആരോപണം കെട്ടിച്ചമച്ച് രാഷ്ട്രീയസദസ്സില്‍ തിളങ്ങിനില്‍ക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായ വികലമാക്കുന്ന സംരംഭം ശരിയല്ല എന്നെനിക്ക് തോന്നി. അതുകൊണ്ട് പെണ്‍കുട്ടിയേയും പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും ഒന്നുകൂടി എന്റെ വീട്ടില്‍ വരുത്തി ചോദ്യം ചെയ്യുവാന്‍ ഞാന്‍ സിബി മാത്യവിനോട് അഭ്യര്‍ത്ഥിച്ചു.
സിബി മാത്യുസ് വന്നപ്പോള്‍ പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും എന്റെ വീട്ടിലുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അവരെ ചോദ്യം ചെയ്യാന്‍ കൂട്ടാക്കിയില്ല. അപ്പോഴേക്കും കുര്യന് വേണ്ടിയുള്ള ”അലിബി” തെളിവുകള്‍ സിബി മാത്യൂസ് സംഭരിച്ചു കഴിഞ്ഞിരുന്നു.
സംഭവം നടന്നുവെന്ന് ആരോപിക്കുന്ന ദിവസത്തില്‍ തിരുവല്ലയില്‍ ഒരു സ്നേഹിതന്റെ വീട്ടിലായിരുന്നു കുര്യനെന്നും അവിടെവച്ച് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൈസ പിരിച്ചുവെന്നും അന്ന് വൈകീട്ട് ഒരു എന്‍.എസ്.എസ് നേതാവുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്നും തുടര്‍ന്ന് അന്ന് വൈകുന്നേരം ഏഴരമണിക്ക് കുമളി റെസ്റ്റോറന്റില്‍ എത്തണമെങ്കില്‍ ഹെലികോപ്റ്ററിന്റെ സഹായമില്ലാതെ പറ്റില്ല എന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
അത് സത്യമോ അസത്യമോ ആകാം. പ്രശ്നമതല്ല, ഒരു വ്യക്തിയെപ്പറ്റി ആരോപണം പുറപ്പെടുവിച്ചാല്‍ ആരോപണം പുറപ്പെടുവിക്കുന്ന ആളിന്റെ സത്യസന്ധതയും ആരോപണത്തിന് അടിസ്ഥാനമായ സംഭവത്തിന്റെ സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
രാഷ്ട്രീയമോ സാമൂഹ്യമോ ആയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വ്യാജമായ തെളിവുകളാണോ എന്ന് പരിശോധിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. പെണ്‍കുട്ടി നല്‍കിയ വിവരം ശരിയാണോ എന്നറിയാനുള്ള മാര്‍ഗം പ്രതിയെ ഒരു തിരിച്ചറിയില്‍ പരേഡില്‍ കൂടി കണ്ടുപിടിക്കുക എന്നതാണ്. മറ്റ് പല പ്രതികളേയും അങ്ങനെയാണ് തിരിച്ചറിഞ്ഞത്.
ആളെത്ര വലിയവനെങ്കിലും ആ പ്രതിയേയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതാണ്. തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടിക്ക് തെറ്റിയാല്‍ കാര്യം അവിടെ അവസാനിപ്പിക്കാം. തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ആ ആളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം.
അതിന് പകരം പ്രതിക്ക് വേണ്ട ”അലിബി” ശേഖരിച്ച് അയാളെ കുറ്റവിമുക്തനാക്കുന്നത് അന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുകയേ ഉള്ളൂ. അത് ഗവണ്‍മെന്റിനെതിരായ തിരിച്ചടിയുണ്ടാക്കും. ”അലിബി”യുടെ തെളിവ് സംഘടിപ്പിക്കേണ്ടത് പ്രതിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ പ്രോസിക്യൂഷന്റെ ജോലിയല്ല.
ഏത് ക്രൈം വിചാരണയ്ക്കും രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് പ്രോസിക്യൂഷന് വേണ്ടിയുള്ള തെളിവെടുപ്പ് ഘട്ടം. അത് കഴിഞ്ഞാല്‍ പ്രോസിക്യൂഷന്‍ തെളിവും വ്യാജമാണെന്ന് വരുത്താനുള്ള പ്രതിഭാഗത്തിന്റെ തെളിവെടുപ്പ് ഘട്ടം. അവിടെയാണ് ”അലിബി” തെളിവിന്റെ പ്രസക്തി.
”അലിബി” എന്ന് പറഞ്ഞാല്‍ കുറ്റകൃത്യം ആരോപിക്കപ്പെടുന്ന സമയത്ത് യാതൊരു കാരണവശാലും പ്രതിക്ക് ആ പ്രദേശത്ത് എത്താന്‍ കഴിയുകയില്ല എന്നുള്ള തെളിവാണ്.
ബോംബെയിലോ കല്‍ക്കത്തയിലോ നിശ്ചിത സമയത്തുള്ള ഒരാള്‍ക്ക് കേരളത്തില്‍ വന്ന് കുറ്റകൃത്യം നടത്താന്‍ സാധ്യമല്ലല്ലോ. അത്പോലെ എറണാകുളത്ത് കൊലപാതകം നടന്നാല്‍ അതിനുത്തരവാദിയായി മദ്രാസിലുള്ള ഒരാളെ പ്രതിയാക്കാന്‍ പറ്റില്ല. ദൂരെ നിന്ന് കൃത്യസ്ഥലത്ത് എത്തുന്നതിനുള്ള ദൂരവും വലുതായിരിക്കും.
അത് തെളിയിക്കേണ്ട ചുമതല പ്രതിക്കാണ്. അന്വേഷണ ഉദ്യോഗസ്ഥനല്ല. ഞങ്ങളുടെ ഈ രണ്ട് കാഴ്ച്പ്പാടുകള്‍ തമ്മില്‍ യോജിപ്പുണ്ടായില്ല. സിബി മാത്യൂസിന്റെ കാഴ്ച്പ്പാടിനെ പിന്താങ്ങുന്ന രാഷ്ട്രീയ ശക്തികള്‍ നിര്‍ഭാഗ്യവശാല്‍ ഭരണതലത്തില്‍ തന്നെ ഉണ്ടായിരുന്നു.
ആ സാഹചര്യം എന്റെ മനോവീര്യത്തെ തകര്‍ത്തുകളഞ്ഞു. അപ്പോഴാണ് എന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത് തെറ്റാണെന്നും ഞാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായത് കൊണ്ട് നിഷ്പക്ഷനായ ഒരു പ്രോസിക്യൂട്ടറായി എനിക്ക് പെരുമാറാന്‍ പറ്റില്ലെന്നും പ്രതിക്കെതിരായി വ്യാജമായി തെളിവുണ്ടാക്കി അവരെ ശിക്ഷിപ്പിക്കാനുള്ള ഒരു ഗൂഢാലോചനയ്ക്കാണ് ഞാന്‍ നേതൃത്വം നല്‍കുന്നതെന്നും അത്കൊണ്ട് എന്റെ നിയമനം അസാധുവായി പ്രഖ്യാപിക്കണമെന്നും കാണിച്ച് പ്രതിഭാഗത്തിലെ ചിലര്‍ അഡ്വ. രാംകുമാര്‍ മുഖേന ഒരു റിട്ട് പെറ്റീഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്.
വ്യക്തിപരമായി ഞാന്‍ വ്യാജമായി റെക്കോര്‍ഡ് ഉണ്ടാക്കുന്ന ആളാണെന്ന ആരോപണം നിഷേധിച്ച് കൊണ്ട് ഞാനും ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തു. കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഞാന്‍ അപ്രകാരം ചെയ്തത്.
കേസ് ആദ്യത്തെ ദിവസം വന്നപ്പോള്‍ അഡ്വ. ജനറല്‍ എം.കെ. ദാമോദരന്‍, രാംകുമാറിന്റെ റിട്ട് പെറ്റീഷന് അനുകൂലമായി നിലപാടെടുത്തു എന്ന ഒരു അപവാദം എന്റെ ചെവിയിലെത്തി. ഞാന്‍ അപ്പോള്‍ അസുഖമായി സുധീന്ദ്ര ആശുപത്രിയിലായിരുന്നു.
എന്റെ അഭ്യുദയകാംക്ഷികളായ ചില അഭിഭാഷകരാണ് ഈ വിവരം എന്നോട് ആശുപത്രിയില്‍ വന്നുപറഞ്ഞത്. ഒരുകാലത്ത് ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും സൂര്യനെല്ലി കേസ് നടത്തി ഞാന്‍ വലിയ പേരെടുക്കുന്നതില്‍ എം.കെ. ദാമോദരന് താല്‍പര്യമില്ലായിരുന്നു. എങ്കിലും എന്റെ കര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ഷിപ്പ് ഇല്ലാതാക്കാനുള്ള സംരംഭത്തിന് ദാമോദരന്‍ തയ്യാറാകുമെന്ന് ഞാന്‍ വിശ്വസിച്ചില്ല.
എങ്കിലും അതൊന്ന് അന്വേഷിക്കണമെന്ന് എനിക്ക് തോന്നി. ആശുപത്രിയില്‍ നിന്ന് രണ്ട് ടെലിഫോണ്‍ ചെയ്തു. ദാമോദരനെ എനിക്ക് കിട്ടിയില്ല. ഉടനെ തന്നെ റിട്ട് പെറ്റീഷനെതിരായ സര്‍ക്കാറിന്റെ കൗണ്ടര്‍ അഫിഡവിറ്റ് നല്‍കി വേണ്ടത് ചെയ്യണമെന്ന് പൊളിട്ടിക്കല്‍ സെക്രട്ടറി ശശിയോട് ആശുപത്രിയില്‍ കിടന്ന് തന്നെ ഞാന്‍ ആവശ്യപ്പെട്ടു.
ആരോപണം അവാസ്തവമാണെന്നും ഉടന്‍ തന്നെ എതിര്‍സത്യവാങ്മൂലം കൊടുത്ത് വാദം നടത്തുമെന്നും സ്നേഹസമണ്യമായ സ്വരത്തില്‍ എം.കെ ദാമോദരന്‍ എന്നോട് പറഞ്ഞു. ഞാന്‍ അത് മുഖവിലയ്ക്കെടുത്തു. കേസ് ജസ്റ്റിസ് നാരായണ കുറുപ്പിന്റെ ബെഞ്ചില്‍ വന്നു.
സര്‍ക്കാരിന്റെ ഉത്തരവിനെ ഡിഫന്റ് ചെയ്യാന്‍ ഒരു ഗവണ്‍മെന്റ് പ്ലീഡര്‍ പോലും ഹാജരായില്ല. ജസ്റ്റിസ് നാരായണകുറുപ്പ് അത് ഡിവിഷന്‍ ബെഞ്ചിലേക്ക് റഫര്‍ ചെയ്തു. രണ്ട്മൂന്ന് തവണ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്ന് ഉദ്ദേശിച്ച് ഡിവിഷന്‍ ബെഞ്ച് കേസ് മാറ്റി വെച്ചു. ഒരു വ്യത്യാസമുണ്ടായി, ഒരു ഗവണ്‍മെന്റ് പ്ലീഡര്‍ ഹാജരായി. അവധിക്ക് അപേക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തി.
ഞാന്‍ ഗവണ്‍മെന്റ് സെക്രട്ടറിയെ വിളിച്ച് ചോദിച്ചു. സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തിന് വേണ്ട വസ്തുതകള്‍ കൊടുത്തിട്ടുണ്ടോയെന്ന്. വേണ്ടത് ചെയ്യുവാന്‍ അഡ്വ. ജനറല്‍ ഓഫീസില്‍ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും ഹോം സെക്രട്ടറി എന്നോട് പറഞ്ഞു.
എന്റെ കേസില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ വിവരിച്ച ശേഷം, പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവെക്കുന്നുവെന്ന വസ്തുത ഞാന്‍ നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി എന്നെ വിളിക്കുകയോ പൊളിട്ടിക്കല്‍ സെക്രട്ടറി ഞാനുമായി ബന്ധപ്പെടുകയോ ചെയ്തില്ല.
അന്ന് ഡിവിഷന്‍ ബെഞ്ചിലിരുന്നത് ജസ്റ്റിസ് ലക്ഷ്മണനും ജസ്റ്റിസ് ശ്രീദേവിയുമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ഷിപ്പില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്റെ രാജി സമര്‍പ്പിക്കുകയാണെന്നും എനിക്ക് വേണ്ടി അഡ്വ. എം.ആര്‍. രാജേന്ദ്രന്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
അഡ്വക്കറ്റ് ജനറല്‍ അന്നും ഹാജരായിരുന്നില്ല. എന്റെ അറിവ് ശരിയാണെങ്കില്‍ എന്റെ രാജി സ്വീകരിക്കാന്‍ അദ്ദേഹം ഗവണ്‍മെന്റിനെ ഉപദേശിച്ചു. ഗവണ്‍മെന്റ് എന്നോട് ഒന്നും ചോദിക്കാതെ തന്നെ രാജി സ്വീകരിക്കുകയും ചെയ്തു. ആ വിവരം കോടതിയെ അറിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
രാജിവെക്കാന്‍ പി.വി. സുരേന്ദ്രനാഥും എന്റെ സുഹൃത്തുക്കളും എന്നെ ഉപദേശിക്കാറുണ്ടായിരുന്നു. ദുരുപദിഷ്ടമായ കാരണങ്ങളാലാണ് ഗവണ്‍മെന്റ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി എന്നെ നിയമിച്ചതെന്ന ആരോപണം ഗവണ്‍മെന്റ് നിരസിക്കാത്തിടത്തോളം ഹരജിക്കാരന്റെ ഹരജി ശരിവയ്ക്കേണ്ടതു തന്നെയാണ്. എന്റെ രാജി സ്വീകരിച്ചുകൊണ്ട് എന്റെ നടപടിയെ ശ്ലാഘിച്ചുകൊണ്ടാണ് ജസ്റ്റിസ് ശ്രീദേവി വിധിയെഴുതിയത്.
ഇങ്ങിനെയൊക്കെയാണെങ്കിലും സൂര്യനെല്ലി കേസ് നടത്താന്‍ പിന്നീട് നിയമിതനായ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ആ കേസില്‍ അന്തര്‍ലീനമായിരിക്കുന്ന വസ്തുതകളേയും നിയമവശങ്ങളേയും വിശകലനം ചെയ്ത് ഞാന്‍ പറഞ്ഞു കൊടുത്തു. ഞാന്‍ രാജിവെക്കുന്നതിന് മുമ്പ് കേസിലെ പെണ്‍കുട്ടിയേയും മാതാപിതാക്കളേയും കേസിന്റെ ഗതി പറഞ്ഞ് മനസിലാക്കിയിരുന്നു.
എന്നെ രാജിവെക്കുന്നതിന് പ്രേരിപ്പിച്ച കാരണങ്ങള്‍ പാര്‍ട്ടിക്കോ മന്ത്രിസഭയിലെ എന്നെ ബഹുമാനിക്കുന്ന ചില മന്ത്രിമാര്‍ക്കോ അജ്ഞാതമായിരുന്നു. സുശീല, മരുമകന്റെ എറണാകുളത്തെ വീട്ടില്‍ നിന്ന് എനിക്ക് ഫോണ്‍ ചെയ്തു. ഞാന്‍ ചെന്ന് സത്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. ഇന്നിപ്പോള്‍ എന്റെ വായനക്കാരുമായി ഞാനീ രഹസ്യം പങ്കിടുന്നു.
പി.ജെ. കുര്യനെ ഒഴിവാക്കി കേസ് വിസ്താരം നടന്നു. മിക്കവാറും എല്ലാ പ്രതികളെയും ശിക്ഷിച്ചു. ഈ കേസ് നടത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് എന്റെ സ്നേഹിതന്‍ തോമസിന്റെ മകനാണ്. സുരേഷിന് ഞാന്‍ എന്റെ അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. എന്നാല്‍ പി.ജെ. കുര്യന് എതിരെയുള്ള കേസ് അവസാനിച്ചില്ല.
അദ്ദേഹത്തിന് സഹായകരമായി പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്ന ചില അഭിഭാഷക വീരന്‍മാര്‍ ഇപ്പോഴുമുണ്ട്.നിരപരാധിയായ അദ്ദേഹത്തെ ഉപദ്രവിക്കുന്നത് കുറുപ്പു ചേട്ടന്റെ പരിപാടിയാണ്, എന്ന് പറഞ്ഞ് പി.ജെ. കുര്യനെ വെറുതെവിടുന്ന അവസരവാദികളാണവര്‍.
ഞാനാവര്‍ത്തിക്കട്ടെ, പി.ജെ. കുര്യനോട് എനിക്ക് വിരോധമൊന്നുമില്ല. ഞാനദ്ദേഹത്തെ കണ്ടിട്ടുകൂടിയില്ല. എനിക്ക് സത്യസന്ധമായ നീതിനിര്‍വഹണം നടക്കണമെന്നേയുള്ളൂ.
ദേശാഭിമാനിക്കെതിരെ അദ്ദേഹം കൊടുത്ത മാനനഷ്ടക്കേസ് ഊര്‍ജിതമായി നിലനില്‍ക്കുന്നു. ഞാനന്ന് ദേശാഭിമാനി പത്രാധിപരായ ഇ.കെ. നായനാരുടേയും ചിന്തയുടേയും അഭിഭാഷകനാണ്. 25 ലക്ഷം രൂപയാണ് അദ്ദേഹം നഷ്ടപരിഹാരമായി ചോദിച്ചിട്ടുള്ളത്.
അതിനെതിരായി സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെക്കൊണ്ട് അന്യായം കൊടുപ്പിക്കാന്‍ ഞാന്‍ ഉപദേശിച്ചു. ആ കേസ് നടത്തുന്നതിന് വക്കീലായ എന്റെ മരുമകന്‍ കരുമ്പേലില്‍ ഭാസ്‌കരപിള്ളയെ നിയമിക്കുന്നതിന് ഞാന്‍ മുന്‍കൈയെടുത്തു. അദ്ദേഹം പീഡിപ്പിക്കപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിക്ക് വേണ്ടി പീരുമേട് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു പ്രൈവറ്റ് അന്യായം ഫയല്‍ ചെയ്തു.
അതിന്ശേഷം പ്രാഥമികമായ തെളിവിന് വേണ്ടി പെണ്‍കുട്ടിയേയും മാതാപിതാക്കളേയും നാലഞ്ച് സാക്ഷികളേയും വിസ്തരിച്ചു. സാക്ഷി വിസ്താരത്തിന്റേയും വാദത്തിന്റേയും അടിസ്ഥാനത്തില്‍ കോടതി വിചാരണ നേരിടുന്നതിന് വേണ്ടി പി.ജെ. കുര്യനെതിരായി സമന്‍സ് പുറപ്പെടുവിച്ചു.
രാഷ്ട്രീയശക്തിയും പൊലീസും സ്വാധീനവുമുണ്ടായിട്ടും സത്യത്തിന് വേണ്ടിയുള്ള ഞങ്ങളുടെ സമരം അവസാനിച്ചില്ല എന്നതിന് തെളിവാണിത്. മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ടി.ആര്‍. രാമന്‍പിള്ള പി.ജെ. കുര്യന് വേണ്ടി ഹരജി കൊടുത്തു. താത്ക്കാലികമായി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഒരു സ്റ്റേയും സമ്പാദിച്ചു.
പി.ജെ കുര്യനുവേണ്ടി ജഡ്ജി സ്റ്റേ കൊടുക്കുമ്പോള്‍ എതിര്‍കക്ഷിയുടെ വക്കീലന്‍മാരെല്ലാം ഉണ്ടായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടി കരുമ്പേലില്‍ ഭാസ്‌കര പിള്ളയും പെണ്‍കുട്ടിയുടെ അച്ഛന്‍ മാണി മാര്‍ക്കോസിന് വേണ്ടി ഞാനും ഗവണ്‍മെന്റിന് വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എം. മാത്യവും ഉണ്ടായിരുന്നു. ഞങ്ങള്‍ മൂന്ന് പേരും നാക്കെടുക്കുന്നതിന് മുമ്പേ തന്നെ സ്റ്റേ അനുവദിച്ചു.
അടുത്ത ഒരു ഡേറ്റിന് തന്നെ കേസ് പോസ്റ്റ് ചെയ്യുവാന്‍ ഞാന്‍ കോടതിയോടഭ്യര്‍ത്ഥിച്ചു. പിന്നീട് കേസ് ചെന്നെത്തിയത് ജസ്റ്റിസ് ഷാഫി തള്ളിക്കളഞ്ഞു. അതിന്റെ അര്‍ത്ഥം മജിസ്ട്രേറ്റിന്റെ സമന്‍സ് അനുസരിച്ച് വിചാരണ നേരിടാന്‍ പി.ജെ. കുര്യന്‍ കോടതിയില്‍ എത്തണമെന്നാണ്.
കുര്യന്‍ സുപ്രീം കോടതിയെ സമീപിച്ച് താല്‍ക്കാലിക സ്റ്റേ വാങ്ങിയിട്ടുണ്ട്. ആ കേസ് വാദം കേട്ടില്ല. ആ ഹരജിയുടെ തലയിലെഴുത്ത് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല.
നമ്മുടെ സമരം വിജയിച്ചു, എന്ന് പറയാറായിട്ടില്ല. സുപ്രീം കോടതി കുര്യന്റെ വാദം സ്വീകരിക്കുകയാണെങ്കില്‍ അദ്ദേഹം രക്ഷപ്പെടും. ഇല്ലെങ്കില്‍, ഛെ, ഞാനത് പൂര്‍ത്തിയാക്കുന്നില്ല. അതിന് ശേഷം രണ്ട് സ്ത്രീ പീഡനക്കേസുകള്‍ എന്നെ തേടിയെത്തി.
കറന്റ് ബുക്സ് പ്രസീദ്ധീകരിച്ച ജി. ജനാര്‍ദ്ദനക്കുറുപ്പിന്റെ ”എന്റെ ജീവിതം” എന്ന ആത്മകഥയില്‍ നിന്ന്
Content Highlight: Part of G. Janardhana Kurup’s Autobiography about Suryanelli case