| Saturday, 22nd December 2018, 9:51 am

മനോഹര്‍ പരീക്കര്‍ അട്ടയപ്പോലെ അധികാരത്തില്‍ തൂങ്ങിനില്‍ക്കുന്നു; മോദിയെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് അധികാരം നിലനിര്‍ത്തുന്നതെന്നും കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജെയ്പാല്‍ റെഡ്ഡി. അധികാരം നിലനിര്‍ത്താന്‍ മനോഹര്‍ പരീക്കര്‍ റാഫേല്‍ ഇടപാട് ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ജെയ്പാല്‍ റെഡ്ഡി പറയുന്നത്.

ഗോവയില്‍ കോണ്‍ഗ്രസിന്റെ “ജന്‍ അക്രോശ് റാലി” യെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയില്‍ സ്തംഭനം അവസാനിപ്പിക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് കോണ്‍ഗ്രസ് ജന്‍ അക്രോശ് റാലി സംഘടിപ്പിച്ചത്.

Also read:രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത രത്ന തിരിച്ചെടുക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത എം.എല്‍.എയോട് രാജിവെക്കാന്‍ ആം ആദ്മി പാര്‍ട്ടി

പരീക്കര്‍ അട്ടയെപ്പോലെ അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണെന്നാണ് റെഡ്ഡി പറഞ്ഞത്. പരീക്കര്‍ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

” അദ്ദേഹം ധാര്‍മ്മികതയെക്കുറിച്ചു സംസാരിക്കുന്നു. അട്ടയെപ്പോലെ അധികാരത്തില്‍ തുടരുന്ന മനോഹര്‍ പരീക്കറിന് എന്ത് ധാര്‍മ്മികതയാണുള്ളത്.” റെഡ്ഡി ചോദിക്കുന്നു.

സുപ്രീം കോടതി തള്ളിയിട്ടും കോണ്‍ഗ്രസ് റാഫേല്‍ വിഷയം വെറുതെ ഉന്നയിക്കാന്‍ ശ്രമിക്കുകയാണ്. ഡിസംബര്‍ 14നാണ് റാഫേല്‍ വിഷയത്തില്‍ മോദി സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്.

എന്നാല്‍ മോദി സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു വിധി നേടിയതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. റാഫേലുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ പി.എ.സി ഇത്തരമൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പി.എ.സി ചെയര്‍മാന്‍ കൂടിയായ മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more