പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയിലാണെങ്കിലും ഭരണകാര്യങ്ങളെല്ലാം അദ്ദേഹം കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഗോവ മന്ത്രി.
“”അദ്ദേഹം എല്ലാ ഫയലുകളും ആശുപത്രിയില്‍ വെച്ച് നോക്കുന്നുണ്ട്. ഏത് ഫയല്‍ ആശുപത്രിയിലേക്ക് അയച്ചാലും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം അത് ക്ലിയര്‍ ചെയ്ത് അയക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഒരു ഫയലുപോലും പെന്റിങ് ആയി കിടക്കുന്നില്ല.”” – പൊതുമരാമത്ത് വകുപ്പ്് മന്ത്രി സുധിന്‍ ദവാലികര്‍ പറഞ്ഞു.
ഭരണകാര്യങ്ങള്‍ വിലയിരുത്താനായി എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ അംഗങ്ങള്‍ റിവ്യൂ മീറ്റിങ് നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം തന്നെയാണ് ഇത് നടത്തുന്നത്. യോഗ തീരുമാനങ്ങളെല്ലാം അദ്ദേഹത്തെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
“”ഓരോ മന്ത്രിമാരേയും എല്‍പ്പിച്ച ജോലികള്‍ കൃത്യമായി തന്നെ ഞങ്ങള്‍ ചെയ്യുന്നുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യതയോടെ തന്നെ നിര്‍വഹിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും അദ്ദേഹം നിരീക്ഷിക്കുകയും നിര്‍ദേശങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ 15 നാണ് മനോഹര്‍ പരീക്കറിനെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യു.എസില്‍ നിന്നും ചികിത്സ കഴിഞ്ഞ് തിരികെയെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ എയിംസില്‍ തുടര്‍ ചികിത്സയുടെ ഭാഗമായി പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ അറിയിക്കുകയായിരുന്നു.
എട്ട് മാസം മുമ്പ് മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതുമുതല്‍ മൂന്ന് പേരടങ്ങിയ അഡൈ്വസറി കമ്മിറ്റിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത്.
പരീക്കറിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടിരുന്നു. 40 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ്.