ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എഞ്ചിനീയർ റാഷിദിന് പരോൾ
national news
ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എഞ്ചിനീയർ റാഷിദിന് പരോൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2024, 9:51 pm

ന്യൂദൽഹി: ലോക്സഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഞ്ചിനീയർ റാഷിദിന് പരോൾ അനുവദിച്ച് കോടതി. ജൂലൈ അഞ്ചിന് രണ്ട് മണിക്കൂർ നേരത്തേക്കാണ് കോടതി പരോൾ അനുവദിച്ചത്. ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എൻ.ഐ.എ (ദേശീയ അന്വേഷണ ഏജൻസി) അനുമതി നൽകിയതിന് പിന്നാലെയാണ് കോടതി ഉത്തരവ്.

നിബന്ധനകളോടെയാണ് എഞ്ചിനീയർ റാഷിദിന് കോടതി പരോൾ അനുവദിച്ചിരിക്കുന്നത്. മൊബൈൽ-ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് കോടതി നിബന്ധനകൾ.

സത്യപ്രതിജ്ഞ ചടങ്ങിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിന് അനുമതി നൽകിയ കോടതി, അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും തടഞ്ഞു. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ചന്ദർ സിങ്ങാണ് റാഷിദിന് പരോൾ അനുവദിച്ചത്.

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മുകശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് കശ്മീരി നേതാവായ ഷെയ്ഖ് അബ്ദുൾ റഷീദ് എന്ന എഞ്ചിനീയർ റഷീദ് പാർലമെന്റിലേക്കെത്തിയത്. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ തോൽപ്പിച്ചാണ് അദ്ദേഹം ബാരാമുള്ളയിൽ വിജയിച്ചത്. 2,04,142 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ 47,2481 വോട്ടുകൾ നേടിയായിരുന്നു റാഷിദിന്റെ വിജയം.

കശ്മീർ താഴ്‌വരയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കും വിഘടനവാദികൾക്കും ധനസഹായം നൽകിയെന്ന കേസിലാണ് എഞ്ചിനീയർ റാഷിദിനെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. നിലവിൽ അദ്ദേഹം തീഹാർ ജയിലിലാണ്.

യു.എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട് അസമിലെ ജയിലിൽ കഴിയുന്ന എം.പി അമൃത്പാൽ സിങ്ങിനും പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ നിന്നാണ് അമൃത്പാൽ സിങ് ലോക്സഭയിൽ എത്തിയത്.

Content Highlight: Parole for Engineer Rashid to take oath as Lok Sabha member