തിരുവനന്തപുരം: ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയെന്ന് വടകര എം.എല്‍.എ കെ.കെ. രമ.
‘നിയമപരമായി കുറഞ്ഞ ദിവസങ്ങള്‍ ആണ് പരോള്‍ കൊടുക്കുന്നത്, ഏതെങ്കിലും അടിയന്തിര ഘട്ടങ്ങളിലും പരോള്‍ കൊടുക്കും. എന്നാല്‍ ടി.പി. വധകേസിലെ പ്രതികള്‍ക്ക് അങ്ങനെയൊന്നും നോക്കുന്നില്ല എന്നതും നമ്മള്‍ കണ്ടതാണ്.
അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരോള്‍ എന്ന അവസ്ഥയാണ്. എല്ലാവര്‍ക്കും ഒരുമിച്ച് പരോള്‍ കൊടുക്കുന്നത് അസാധാരണമാണ്. ഒന്നിച്ച് പുറത്തിറങ്ങിയവര്‍ പല പ്രശ്‌നങ്ങളിലേക്കും പോകാനുള്ള സാധ്യത കൂടുതലാണ്. അത് പലപ്പോഴായി നാം കണ്ടതാണ്.’ രമ പറഞ്ഞു.
എന്നാല്‍ ജയില്‍ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷ അംഗീകരിച്ചതെന്ന് ജയില്‍ വകുപ്പ് പറയുന്നു. വര്‍ഷത്തില്‍ 60 ദിവസം പരോളിന് കുറ്റവാളികള്‍ക്ക് അര്‍ഹതയുണ്ട്. നൂറോളം തടവുകാര്‍ക്ക് ഇവര്‍ക്കൊപ്പം പരോള്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.
ഇടത് സര്‍ക്കാര്‍ വന്ന ശേഷം ടി.പി. കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നല്‍കുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ ഒരു ആക്ഷേപമുണ്ടെന്നിരിക്കെ പുതിയ പരോള്‍ വീണ്ടും ചര്‍ച്ചകളുയരുന്നതിനിടയാക്കിയിട്ടുണ്ട്.
പത്ത് കുറ്റവാളികള്‍ക്കാണ് പരോള്‍ കിട്ടിയത്. ടി.പി. വധകേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് തുടങ്ങിയ പത്ത് പേര്‍ക്കാണ് പരോള്‍. വെള്ളിയാഴ്ച പ്രതികള്‍ പുറത്തിറങ്ങിയതായാണ് റിപ്പോര്‍ട്ട്. കൊടി സുനി, എം.സി. അനൂപ് തുടങ്ങിയവര്‍ക്ക് പരോളില്ല.
Content Highlight: Parole for convicts in TP murder case; KK Rama said that it is abnormal to grant parole together