Kerala News
ആശാ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണം; ശുപാർശയുമായി പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
7 hours ago
Thursday, 13th March 2025, 8:09 am

തിരുവനന്തപുരം: ആശാ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന നിർദേശവുമായി പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെ ആരോഗ്യസുരക്ഷ സംവിധാനത്തിന്റെ നട്ടെല്ലായി മാറിയ ആശമാർ നടത്തുന്നത് നിർണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രാലയ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഈ ശുപാർശ നൽകിയത്. നിലവിൽ 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെന്ററി കമ്മിറ്റി പറഞ്ഞു.

ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യപരിപാലനത്തിനും ധനസഹായം തികയുന്നില്ല. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണം. ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. രാം ഗോപാൽ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാർശ. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്‌സ് പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാവര്‍ക്കേഴ്‌സ് ആണ് പ്രതിഷേധ പൊങ്കാലയിടുക. പ്രതിഷേധത്തിന്റെ മാത്രം ഭാഗമായല്ല, വിശ്വാസത്തിന്റെ കൂടെ ഭാഗമായാണ് പൊങ്കാല എന്ന് സമരക്കാര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ മറ്റെവിടെയും പോകാന്‍ കഴിയാത്തതിനാലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ തന്നെ പൊങ്കാലയിടുന്നതെന്നും സമരക്കാര്‍ അറിയിച്ചു.

‘ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ മനസ് കനിയണമേ എന്ന് പ്രാർഥിച്ചുകൊണ്ടാണ് പൊങ്കാല ഇടുന്നത്. പൊങ്കാല ഇട്ടെങ്കിലും ആരോഗ്യമന്ത്രിയുടെ കണ്ണ് തുറക്കട്ടെ. മനസറിഞ്ഞ് ആറ്റുകാലമ്മയ്ക്കുള്ള പൊങ്കാലയാണിത്. 32 ദിനരാത്രങ്ങളിലെ കഷ്ടപ്പാടിന് ആറ്റുകാലമ്മ പരിഹാരമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. ആശ വർക്കർമാരുടെ വിലാപം അമ്മ കേൾക്കുമെന്ന് വിശ്വസിക്കുന്നു,’ ആശാ വർക്കർമാർ പറഞ്ഞു.

 

Content Highlight: Parliamentary Standing Committee recommends increasing financial assistance to ASHA workers