മുഗള്‍ രാജാക്കന്മാരെക്കുറിച്ചല്ല, പഠിപ്പിക്കേണ്ടത് ഹിന്ദു രജപുത്ര ചക്രവര്‍ത്തിമാരെക്കുറിച്ചെന്ന് വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതി
India
മുഗള്‍ രാജാക്കന്മാരെക്കുറിച്ചല്ല, പഠിപ്പിക്കേണ്ടത് ഹിന്ദു രജപുത്ര ചക്രവര്‍ത്തിമാരെക്കുറിച്ചെന്ന് വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th November 2021, 1:06 pm

 

ന്യൂദല്‍ഹി: മുഗള്‍ കാലഘട്ടങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ കുറക്കണമന്ന് വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. എന്‍.സി.ഇ.ആര്‍.ടി, എസ്.സി.ഇ.ആര്‍.ടി. ചരിത്രപുസ്തകങ്ങളില്‍ മുഗള്‍ രാജാക്കന്മാരെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ക്കു പകരം ഹിന്ദു രജപുത്ര ചക്രവര്‍ത്തി മഹാറാണാ പ്രതാപിനെപ്പോലുള്ളവരെക്കുറിച്ചു പഠിപ്പിക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഈ നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്.

മുഗള്‍ ഭരണാധികാരികളെ അതിശയോക്തി കലര്‍ത്തി പഠിപ്പിക്കുന്നതു കുറയ്ക്കണം. പകരം, സിഖു ഗുരുക്കന്മാരുടെ ചരിത്രവും പോരാട്ടങ്ങളും പാഠഭാഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കണം. മുഗള്‍ ചക്രവര്‍ത്തിമാരായ ഔറംഗസേബ്, ജഹാംഗീര്‍ എന്നിവരുടെ മതപരമായ അസഹിഷ്ണുതയും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സിഖ് ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വവും പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം.

മുഗള്‍ ഭരണാധികാരികളെ പ്രകീര്‍ത്തിക്കുന്നതിനു പകരം മഹാറാണാ പ്രതാപ്, ഭായ് ബിധി ചന്ദ്, ഭായ് പ്രതാപ് ജി, ഭായ് ബച്ചിതര്‍ എന്നീ ഇന്ത്യന്‍ പോരാളികളെക്കുറിച്ചാണ് പഠിപ്പിക്കേണ്ടത്. കൂടാതെ, മുഗള്‍വംശവും ഹിന്ദു രജപുത്ര ചക്രവര്‍ത്തി മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഭരണവും തമ്മിലുള്ള താരതമ്യപഠനവും ഉള്‍ക്കൊള്ളിക്കണം.- പാഠപുസ്തക പരിഷ്‌കാരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ലമെന്ററി സമിതി ശുപാര്‍ശകള്‍.

കെട്ടിടങ്ങളുടെ ചിത്രങ്ങളില്‍ മുഗള്‍ വാസ്തുകലയിലുള്ളവ ഏറെയുണ്ടെന്നും ഇതേ കാലയളവില്‍ സിഖ് ഉള്‍പ്പെടെയുള്ള മറ്റു മതങ്ങളും പുഷ്‌കലമായിരുന്നെന്നും സമിതി നിരീക്ഷിച്ചു. ഒമ്പതാം ക്ലാസിലെ ചരിത്രപുസ്തകത്തില്‍ യൂറോപ്പിലെ സോഷ്യലിസവും റഷ്യന്‍ വിപ്ലവവും എന്ന അധ്യായത്തിലും കൂട്ടിച്ചേര്‍ക്കലുകള്‍ നിര്‍ദേശിച്ചു.

കാറല്‍ മാര്‍ക്‌സിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ ഗുരു നാനാക്കിന്റെ ആത്മീയ സോഷ്യലിസം പഠിപ്പിക്കണമെന്നാണ് മറ്റൊരു മുഖ്യശുപാര്‍ശ. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം എന്നിവയില്‍ ഏതെങ്കിലുമൊന്നു പഠിപ്പിച്ചാല്‍ മതി. അന്താരാഷ്ട്ര ചരിത്രത്തിനു മുമ്പ് ദേശീയ ചരിത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം.

ആറാം ക്ലാസില്‍ പുരാതന ചരിത്രപാഠത്തില്‍ രാമായണവും മഹാഭാരതവും ഉള്ളതിനാല്‍ തമിഴിലെ ചിലപ്പതികാരത്തെക്കുറിച്ചുള്ള വിവരണം വേണ്ടെന്നും പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: parliamentary committee recommandations on history books