| Thursday, 28th May 2020, 9:49 am

പാര്‍ലമെന്റ് നടപടികള്‍ പുനരാരംഭിക്കുന്നു; അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പാര്‍ലമെന്റ് നടപടികള്‍ പുനരാരംഭിക്കാനൊരുങ്ങുന്നു. ജൂണ്‍ മൂന്നിന് എല്ലാ അംഗങ്ങളുമായി ചേര്‍ന്ന് യോഗം ചേരും.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും യോഗം. പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആനന്ദ് ശര്‍മ്മ യോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കും.

ഇതിന് മുന്‍പ് ആഭ്യന്തര സെക്രട്ടറി ലോക്ക് ഡൗണ്‍ സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങള്‍ കമ്മിറ്റിയ്ക്ക് മുന്‍പില്‍ വിശദീകരിക്കും.

അതേസമയം അതിഥി തൊഴിലാളികളുടെ പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് അറിയണം. 8 കോടി മനുഷ്യരുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ എന്താണ് തീരുമാനം എടുക്കുക എന്നാണ് അറിയേണ്ടത്’, കമ്മിറ്റി അംഗം കൂടിയായ ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

അതേസമയം 37 പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ആയിരിക്കും ആദ്യയോഗത്തില്‍ ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ആനന്ദ ശര്‍മ്മയും ശശി തരൂരും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പാര്‍ലമെന്റ് നടപടികള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും അംഗീകരിച്ചിരുന്നില്ല.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 23 നാണ് പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവെച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more