വര്‍ഷകാല സമ്മേളനം: ക്രിയാത്മക ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി
India
വര്‍ഷകാല സമ്മേളനം: ക്രിയാത്മക ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2013, 11:35 am

[]ന്യൂദല്‍ഹി:  വര്‍ഷകാല സമ്മേളനത്തില്‍  ക്രിയാത്മകമായ ചര്‍ച്ചകള്‍നടക്കുമെന്നാണ് കരുതുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. []

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഭക്ഷ്യസുരക്ഷാ ഓഡിനന്‍സ് നിയമമാക്കുന്നതടക്കം 65 ബില്ലുകള്‍ ഈ സമ്മേളനം പരിഗണനയ്‌ക്കെടുക്കും. ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ കഴിഞ്ഞ മൂന്നു സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി സഭ സ്തംഭിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് വര്‍ഷകാലസമ്മേളനം സുഗമമായി നടത്താന്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചത്.

ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് ഇന്നലെ സമാജ്‌വാദ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ചില ഭേദഗതികളോടെയല്ലാതെ ബില്‍ അംഗീകരിക്കില്ലെന്ന് എസ്.പി നേതാവ് നരേഷ് അഗര്‍വാള്‍ വ്യക്തമാക്കി.  ലോക്‌സഭയില്‍ 22 അംഗങ്ങളുള്ള എസ്.പിയുടെ നിലപാട് ഏറെ നിര്‍ണായകമാണ്.

അല്ലാത്തപക്ഷം ബില്ലിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പി.എ സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ ബില്ലില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതിനകം തന്നെ ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്.

16 ദിവസം നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ 44 ബില്ലുകളാണ് പ്രധാനമായും പരിഗണനയുള്ളത്. ഇതില്‍ 19ഉം ധനകാര്യ മന്ത്രാലയത്തിന്റേതാണ്.

ഇതിനുപുറമെ, തെലങ്കാനയും ലഡാക്കിലെ ചൈനീസ് സംഘത്തിന്റെ കടന്നുകയറ്റവും ഉത്തരാഖണ്ഡിലെ പ്രളയദുരിതം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും രൂപയുടെ മൂല്യശോഷണത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും.

തെലങ്കാന വിഷയത്തില്‍ ആഭ്യന്തര മന്ത്രി പ്രത്യേക പരാമര്‍ശം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കില്ലെന്ന് വ്യക്തമാക്കണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടത്.

ബഡ്ജറ്റ് സമ്മേളനത്തില്‍ സംഭവിച്ച പാളിച്ച ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പിക്കുകയായിരുന്നു ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ വിളിച്ച യോഗത്തിന്റെയും പ്രധാന ലക്ഷ്യം.