ന്യൂദല്‍ഹി: രണ്ടാം ഘട്ട പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കമായി. ഭൂമി ഏറ്റെടുക്കല്‍ ബില്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചതോടെയാണ് ബഹളത്തിന് തുടക്കമായത്. “കര്‍ഷകരെ രക്ഷിക്കൂ”, “രാജ്യത്തെ രക്ഷിക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ പ്രക്ഷുബ്ധമാക്കിയത്.
തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം കാര്യക്ഷമമായി വിനിയോഗിക്കപ്പെടുമെന്നും വിവിധ വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.
ഒമ്പതോളം ഭേതഗതികള്‍ നടത്തിയെങ്കിലും സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്‍ കര്‍ഷക വിരുദ്ധമായി തന്നെ തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ പ്രക്ഷുബ്ധമായേക്കും എന്നതിന്റെ സൂചനകള്‍ നല്‍കി കൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കര്‍ഷക റാലി സംഘടിപ്പിച്ചിരുന്നു. ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ശക്തമായ ഐക്യമാണ് നില നില്‍ക്കുന്നത്.
ബില്‍ വിഷയത്തില്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, ജനതാ സംഘടനകള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്നീ കക്ഷികളെല്ലാം സര്‍ക്കാരിന് പ്രചിരോധം സൃഷ്ടിക്കും. പാര്‍ലമെന്റിന്റെ കഴിഞ്ഞ സെഷനില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് സര്‍ക്കാരിന് ബില്‍ പാസാക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ഇരു സഭകളുടെയും സംയുക്ത സമ്മേളനം വിളിച്ച് ബില്‍ പാസാക്കിയെടുക്കാനും സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സഭയിലെ ചെറു കക്ഷികളുമായി രഹസ്യ ചര്‍ച്ചകളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുക്കാതിരുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കും. തിരിച്ച് വരവിന് ഒരുങ്ങുന്ന രാഹുലിനെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കേണ്ടതായുണ്ട്.
ഏപ്രില്‍ 20 മുതല്‍ മെയ് എട്ട് വരെയാണ് സമ്മേളനത്തിന്റെ കാലാവധി. രാജ്യസഭാ സമ്മേളനം ആരംഭിക്കുന്നത് ഏപ്രില്‍ 23 മുതലാണ്. ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍, റിയല്‍ എസ്റ്റേറ്റ് വികസനനിയന്ത്രണ ബില്‍, വെളിപ്പെടുത്താത്ത വിദേശസ്വത്തിനും വരുമാനത്തിനും നികുതി ഏര്‍പ്പെടുത്താനുള്ള ബില്‍, പ്രാദേശിക, ഗ്രാമീണ ബാങ്ക് ബില്‍, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ബില്‍, ഐ.ഐ.ടി മാതൃകയില്‍ ഉരുക്ക് മന്ത്രാലയത്തിനു കീഴില്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള ബില്‍ എന്നിവയും സര്‍ക്കാരിന്റെ മുന്നിലുണ്ട്.