| Thursday, 14th December 2023, 1:31 pm

പാര്‍ലമെന്റ് പ്രതിഷേധം; അമിത് ഷാ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട ഡെറിക് ഒബ്രിയാന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയുടെ പാസില്‍ പാര്‍ലമെന്റില്‍ പ്രവേശിച്ച് യുവാക്കള്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട ഡെറിക് ഒബ്രിയാന്‍ എം.പിക്ക് സസ്‌പെന്‍ഷന്‍. സമാന ആവശ്യമുന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ലോകസഭയുടെ നാഥന്‍ താനാണെന്നും താന്‍ ഇന്നലെ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചതാണെന്നും പറഞ്ഞ് ലോകസഭ സ്പീക്കര്‍ മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.

ഈ ഘട്ടത്തില്‍ തന്നെ രാജ്യസഭയിലും സമാന പ്രതിഷേധങ്ങള്‍ അരങ്ങേറി. ഈ സമയത്ത് സ്പീക്കറുടെ ചെയറിനടുത്തെത്തി പ്രതിഷേധിച്ചതിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡെറിക് ഒബ്രിയാനെ ഈ സഭാകാലവധി കഴിയുന്നത് വരെ സസ്‌പെന്റ് ചെയ്തത്. ഡിസംബര്‍ 22വരെയാണ് ശീതകാല സമ്മേളനം നടക്കുന്നത്.

ലോകസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും എം.പിമാര്‍ക്കിടയിലേക്ക് ചാടി പ്രതിഷേധിച്ച സംഭവത്തില്‍ സുരക്ഷ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നായിരിന്നു ഡെറിക് ഒബ്രിയാന്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ എം.പിമാരുടെ ആവശ്യം. സുരക്ഷ വീഴ്ചയില്‍ പ്രതികരിക്കാന്‍ അമിത് ഷാ സഭയിലെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. മാത്രവുമല്ല, സ്പീക്കറുടെ ചെയറിനടുത്തെത്തി പ്രതിഷേധിച്ച ഡെറിക് ഒബ്രിയാനോട് സഭയില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട് സഭ തത്കാലത്തേക്ക് പിരിയുകയും പിന്നീട് സഭ ചേര്‍ന്ന ഉടന്‍ തന്നെ ഡെറിക് ഒബ്രിയാനെ സസ്‌പെന്റ് ചെയ്യുകയാണെന്ന് അറിയിക്കുകയുമായിരുന്നു.

അതേ സമയം കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തി യുവാക്കള്‍ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും ഉയര്‍ത്തി പ്രതിഷേധിച്ചതില്‍ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി ഏഴ് സുരക്ഷ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശക ഗ്യാലറിയിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നും പാര്‍ലമെന്റിലേക്ക് എം.പിമാരെ മാത്രം കയറ്റിവിട്ടാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റ് വളപ്പില്‍ സുരക്ഷയും നിരീക്ഷണവും വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

content highlights: Parliament protests; Derrick O’Brien’s suspension demanded that Amit Shah respond

Latest Stories

We use cookies to give you the best possible experience. Learn more