| Thursday, 1st August 2019, 9:09 pm

കുട്ടികള്‍ക്കുനേരെ ലൈംഗികാക്രമണം നടത്തുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് പുതിയ ഭേദഗതി.

കുട്ടികള്‍ക്കുനേരെ ലൈംഗികാക്രമണം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ പാസാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും.

പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍. കുട്ടികള്‍ക്ക് നേരേയുള്ള കുറ്റകൃത്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്‌സോ നിയമ ഭേദഗതി ബില്‍ കേന്ദ്രം കൊണ്ടുവന്നത്.

ജനുവരി എട്ടിന് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ പാസാക്കിയത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും അഞ്ച് വര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും.

We use cookies to give you the best possible experience. Learn more