ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള. സഭയെ തടസ്സപ്പെടുത്തുന്ന രീതിയിലോ മറ്റ് പ്രകോപനങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലോ ഉള്ള യാതൊരു വിധ മുദ്രാവാക്യങ്ങളും സഭയില്‍ അനുവദിക്കില്ലെന്നായിരുന്നു ഓം ബിര്‍ള പറഞ്ഞത്.
” ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കാനുള്ള സ്ഥലമാണ് പാര്‍ലമെന്റ് എന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അവര്‍ പറയാനുള്ള കാര്യങ്ങള്‍ പറയാനും അവര്‍ക്ക് ഉന്നയിക്കാനുള്ള ആരോപണങ്ങള്‍ ഉന്നയിക്കാനും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനും എല്ലാമുള്ള അവകാശമുണ്ട്.
എന്നാല്‍ ഗാലറിയിലേക്ക് വന്ന് പ്രതിഷേധിക്കുകയോ ഇത്തരത്തില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയോ ചെയ്യാന്‍ അനുവദിക്കില്ല. പാര്‍ലമെന്റിന് ചില നിയമങ്ങളുണ്ട്. അത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ജയ് ശ്രീരാം ജയ് ഭാരത്, വന്ദേമാതരം ഇതെല്ലാം മുന്‍പും വിളിച്ചിരുന്നു. എന്നാല്‍ ഒരു ഡിബേറ്റ് വരുമ്പോള്‍ അതിന്റെ രീതി മാറും. അത് തീരുമാനിക്കേണ്ടത് സ്പീക്കറാണ്”- ഓം ബിര്‍ള പറഞ്ഞു.
ലോക്സഭ ചേര്‍ന്ന ആദ്യ ദിവസം കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചൊല്ലാന്‍ എത്തിയപ്പോഴാണ് ആദ്യം ജയ്ശ്രീറാം വിളി ഉയര്‍ന്നത്. പിന്നീട് മറ്റു എം.പിമാര്‍ സത്യപ്രതി്ജ്ഞ ചൊല്ലിയപ്പോഴും ഇത് തുടരുകയായിരുന്നു.
അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണ ജയ് ശ്രീറാം വിളിക്ക് എതിരെ രംഗത്ത് വന്നിരുന്നു. ജയ് ശ്രീറാം മുഴക്കേണ്ട സ്ഥലം ഇതല്ല, അമ്പലങ്ങളിലാണ് അത് ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞക്കായി ഡയസിലേക്ക് നീങ്ങുമ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ ജയ് ശ്രീറാം, വന്ദേമാതരം വിളികള്‍ മുഴക്കി ബഹളം സൃഷ്ടിച്ചിരുന്നു.
ഇതിന് മറുപടിയായി ദളിത് മുസ്‌ലിം രാഷ്ട്രീയ ഐക്യത്തിന്റെ മുദ്രാവാക്യമായ ‘ജയ് ഭീം, ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്’ വിളിച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഉറുദുവില്‍ ദൈവനാമത്തിലായിരുന്നു ഉവൈസിയുടെ സത്യപ്രതിജ്ഞ.
തന്നെ കാണുമ്പോള്‍ ബി.ജെ.പിക്കാര്‍ക്ക് ജയ്ശ്രീറാമും വന്ദേമാതരവും ഓര്‍മ വരുന്നുവെങ്കില്‍ നല്ലതാണെന്നും അവര്‍ ഇന്ത്യന്‍ ഭരണഘടനയെയും മുസാഫര്‍പൂരില്‍ മരിച്ചുവീഴുന്ന കുട്ടികളെയും കൂടി ഓര്‍ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഉവൈസി പിന്നീട് പ്രതികരിച്ചിരുന്നു.