| Thursday, 19th December 2024, 11:32 am

അമിത് ഷാക്കെതിരായ പാര്‍ലമെന്റ് മാര്‍ച്ച്; ഖാര്‍ഗെയെയും പ്രിയങ്കയെയും ബി.ജെ.പി എം.പിമാര്‍ കൈയേറ്റം ചെയ്തതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിനെതിരായ പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ രാജ്യസഭാ എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയെയും ബി.ജെ.പി എം.പിമാര്‍ പിടിച്ചുതള്ളിതായി പരാതി.

കോണ്‍ഗ്രസ് എം.പിമാര്‍ മാര്‍ച്ചുമായി മുന്നോട്ട് നീങ്ങുന്നതിനിടെ ബി.ജെ.പി എം.പിമാര്‍ ഇരുവരെയും പിടിച്ചുതള്ളുകയായിരുന്നുവെന്നാണ് പരാതി. പാര്‍ലമെന്റ് കവാടത്തില്‍ ഭരണ-പ്രതിപക്ഷ എം.പിമാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിനായി ബി.ജെ.പി എം.പിമാര്‍ ഇന്ന് രാവിലെ മുതല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തുകയാണ്.

ഇതിനിടെ അമിത് ഷായുടെ രാജ്യസഭയിലെ പ്രസംഗം പങ്കുവെച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സ് നോട്ടീസ് നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കേന്ദ്രമന്ത്രിയുടെ വീഡിയോ എക്‌സ് അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. അംബേദ്ക്കര്‍ക്കെതിരായ അമിത് ഷായുടെ പരാമര്‍ശം അടങ്ങുന്ന പ്രസംഗം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നോട്ടീസ്.

ഇമെയില്‍ മുഖേനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സ് നോട്ടീസ് അയച്ചിരിക്കുന്നത്. കോൺഗ്രസ് എം.പിമാര്‍ക്കും ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുമാണ് നോട്ടീസ്.

നിലവില്‍ രാഹുല്‍ ഗാന്ധി തങ്ങളുടെ എം.പിമാരെ പിടിച്ചുതള്ളിയെന്ന് ബി.ജെ.പിയും ആരോപിക്കുന്നുണ്ട്. രാഹുല്‍ ബിജെപി എപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് വിജയ് ചൗക്കില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.

അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അംബേദ്ക്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് പ്രതിഷേധം തുടങ്ങിയത്.

Content Highlight: Parliament march against Amit Shah; Complaint that Kharge and Priyanka were attacked by BJP MPs

Latest Stories

We use cookies to give you the best possible experience. Learn more