| Thursday, 29th November 2012, 12:20 pm

വിദേശ നിക്ഷേപം: വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് ഇരുസഭകളുടേയും അനുവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച വിഷയത്തില്‍ ഇരുസഭകളും പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി. വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് ഇരുസഭകളിലും വോട്ടിങോടെയുള്ള ചര്‍ച്ചയ്ക്ക് സഭാധ്യക്ഷന്‍മാര്‍ അനുമതി നല്‍കി. അടുത്ത ചൊവ്വയും ബുധനുമായിരിക്കും ചര്‍ച്ച.

വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിസമ്മതിച്ചതോടെ നാലാം ദിവസവും സഭ സ്തംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥുമായി പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സ്പീക്കര്‍ അനുമതി നല്‍കിയാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. []

പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് ചര്‍ച്ച അനുവദിക്കണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് സുഷമസ്വരാജിന്റെ ആവശ്യം സ്പീക്കര്‍ മീര കുമാര്‍ അംഗീകരിക്കുകയായിരുന്നു.

വിഷയത്തില്‍ ചട്ടം 184 അനുസരിച്ച് വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും സി.പി.ഐ.എമ്മും നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ രാജ്യസഭയില്‍ വിഷയം വോട്ടെടുപ്പോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളം മൂലം രാജ്യസഭ 12 മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.

യു.പി.എ ഘടകകക്ഷിയായ ഡി.എം.കെയുടെ പിന്തുണ വിഷയത്തില്‍ ഉറപ്പായതോടെയാണ് വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്നും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗതറോയ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more