ലഖ്‌നൗ: ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ വിജയിച്ചാലും ഇ.വി.എമ്മുകളെ വിശ്വസിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷമുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാലും ഈ യന്ത്രങ്ങൾ വോട്ടെടുപ്പിന് വേണ്ടി ഉപയോഗിക്കില്ലെന്നും യാദവ് പറഞ്ഞു.
‘ഞാൻ ഇ.വി.എമ്മുകളെ വിശ്വസിച്ചിരുന്നില്ല. ഇ.വി.എമ്മുകളുടെ പ്രശ്‍നം അവസാനിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇനിയും വിശ്വസിക്കില്ല. അധികാരത്തിൽ വന്നാലും ഞങ്ങൾ അതിൽ ഉറച്ചു നിൽക്കും,’ അഖിലേഷ് യാദവ് പറഞ്ഞു.
അഗ്നിവീർ പദ്ധതിയിൽ എല്ലാവരെയും പോലെ തന്നെ തനിക്കും ആശങ്കയുണ്ടെന്നും അഖിലേഷ് പറഞ്ഞു. നീറ്റിലെ ക്രമക്കേടിന് ആരോപണം ഉന്നയിച്ച അദ്ദേഹം സർക്കാരിന് ജോലി നൽകാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് പേപ്പർ ചോർച്ച സൃഷ്ടിക്കുന്നതെന്നും പറഞ്ഞു.
രാജ്യത്തെ ഏറ്റവും മൂല്യവത്തായ ഒരു പരീക്ഷയുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ ഈ മനോഭാവം ഗൗരവമായി കാണേണ്ടതാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ചില ആളുകളുടെ പിടിയിലാണെന്നും അത് എല്ലാവർക്കും അറിയാമെന്നും പറഞ്ഞ അഖിലേഷ് യാദവ് മാതൃക പെരുമാറ്റ ചട്ടം കൊണ്ട് വന്നപ്പോൾ കമീഷൻ ചില വ്യക്തികൾക്ക് അനുകൂലമായി പെരുമാറിയെന്ന് ആരോപിച്ചു.
ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയാണ് ചിലർ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല കാര്യങ്ങളിലും കേന്ദ്രം വീഴ്ച വരുത്തിയിട്ടുണ്ടെന്നും അതിന്റെ ഓരോന്നിന്റെയും വിശദാംശങ്ങളിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അഖിലേഷ് വ്യക്തമാക്കി.
Content highlight: Parliament LIVE: Even if I win all 80 seats in UP, I will not trust EVMs, says SP chief Akhilesh