പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം; ഖജനാവിന് നഷ്ടം 8 കോടി
India
പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം; ഖജനാവിന് നഷ്ടം 8 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th August 2012, 2:04 pm

ന്യൂദല്‍ഹി: കല്‍ക്കരി പാടം കൈമാറ്റത്തില്‍ കോടികളുടെ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായ പ്രതിപക്ഷ ബഹളം മൂലം ഖജനാവിന് ഈ ആഴ്ച്ച നഷ്ടമായത് 8 കോടി രൂപ.[]

പാര്‍ലമെന്റ് ഒരു മണിക്കൂര്‍ ചേരുന്നതിന് ചിലവ് 25 ലക്ഷം രൂപയാണ്. ദിവസം എട്ട് മണിക്കൂര്‍ മാത്രം ചേരുന്നത് കണക്കാക്കിയാല്‍ ചെലവ് രണ്ട് കോടി രൂപ വരും. എം.പിമാര്‍ക്ക് നല്‍കേണ്ട പ്രതിദിനബത്ത രണ്ടായിരം രൂപയാണ്.

റംസാന്‍ അവധി ഒഴിവാക്കിയാല്‍ കഴിഞ്ഞാഴ്ച്ച ഒരു ദിവസം പോലും പാര്‍ലമെന്റിന് നടപടിക്രമങ്ങളിലേക്ക് കടക്കാനായില്ല. ബഹളം മൂലം പരിഗണിക്കാന്‍ കഴിയാത്തത് നൂറോളം ബില്ലുകളാണ്. ലോക്‌സഭയില്‍ 49 ബില്ലുകളും രാജ്യസഭയില്‍ 47 ബില്ലുകളുമാണ് പരിഗണിക്കാനുള്ളത്.

ലോക്പാല്‍ ബില്ലും അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന ബില്ലും പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. പ്രതിപക്ഷ ബഹളം മൂലം പതിനഞ്ചാം ലോക്‌സഭക്ക് 492 മണിക്കൂര്‍ 293 മിനിറ്റ് നഷ്ടപ്പെട്ടു. നിയമ നിര്‍മ്മാണത്തിനുള്ള സമയം ബഹളത്തില്‍ മുങ്ങുന്നതിനാല്‍ ബില്ലുകള്‍ പാസാകുന്നത് തടസ്സപ്പെടുകയാണ്.  2009ല്‍ 47ഉം, 2010ല്‍ 43ഉം, 2011ല്‍ 21ഉം ബില്ലുകളാണ് പാസാക്കാനായത്.