|

പാര്‍ലമെന്റ് ഉദ്ഘാടനം, ക്ഷണമുണ്ടായിരുന്നത് മൗലികവാദികളായ ബ്രാഹ്മണ സന്യാസിമാര്‍ക്ക് മാത്രം: സ്വാമി പ്രസാദ് മൗര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മൗലികവാദികളായ ബ്രാഹ്മണ സന്യാസിമാരെ മാത്രമാണ് ക്ഷണിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ.

ഇന്ത്യയുടെ മതനിരപേക്ഷതയിലും പരമാധികാര സ്വഭാവത്തിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ എല്ലാ മതക്കാരായ പുരോഹിതര്‍ക്കും തുല്യമായ പ്രാതിനിധ്യത്തില്‍ ക്ഷണം ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രസാദ് മൗര്യയുടെ പ്രതികരണം.

‘ചെങ്കോല്‍ സ്ഥാപിച്ച് സ്വേച്ഛാധിപത്യത്തിന്റെ പാതയിലാണ് ബി.ജെ.പി സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. കൂടാതെ ദക്ഷിണേന്ത്യയിലെ ബ്രാഹ്മണ മതനേതാക്കളെ വിളിച്ച് ബ്രാഹ്മണിസം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

മതമൗലികവാദികളായ ബ്രാഹ്മണ ഗുരുക്കന്മാരെ മാത്രമേ ചെങ്കോല്‍ സ്ഥാപിക്കാന്‍ വിളിച്ചിട്ടുള്ളൂ. ബി.ജെ.പി സര്‍ക്കാരിന് ഇന്ത്യ ഒരു മതേതര പരമാധികാര രാഷ്ട്രമായി വിശ്വാസമുണ്ടെങ്കില്‍, രാജ്യത്തെ പ്രമുഖ മതനേതാക്കളായ ബുദ്ധ ധര്‍മാചാര്യന്മാര്‍ (സന്യാസിമാര്‍), ജൈന ആചാര്യന്മാര്‍(മുനിമാര്‍), ഗുരു ഗ്രന്ഥികള്‍, മുസ്‌ലിം മത നേതാക്കള്‍(മൗലാനമാര്‍), ക്രിസ്ത്യന്‍ മത നേതാക്കള്‍(പാസ്റ്റര്‍) തുടങ്ങിയവരെ ക്ഷണിക്കണമായിരുന്നു,’ പ്രസാദ് മൗര്യ പറഞ്ഞു. മുമ്പ് യോഗി മന്ത്രിസഭയില്‍ അംഗമായിരുന്ന മൗര്യ 2022ലാണ് സമാജ്വാദി പാര്‍ട്ടിക്കൊപ്പം ചേരുന്നത്.

അതേസമയം, പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. തുടര്‍ന്നാണ് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്.

രാവിലെ ഏഴ് മണിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തുകയും പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു.

ഉദ്ഘാടന ദിവസം വലിയ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. പുതിയ പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തിയായിരുന്നു ആര്‍.ജെ.ഡിയുടെ വിവാദ ട്വീറ്റ്. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെയും ചിത്രങ്ങള്‍ വെച്ചുകൊണ്ട് ‘യെ ക്യാ ഹെ’ എന്നായിരുന്നു ആര്‍.ജെ.ഡി ഒഫീഷ്യല്‍ ട്വിറ്ററില്‍ കുറിച്ചത്.

പാര്‍ലമെന്റ് ഉദ്ഘാടനം കിരീടധാരണം പോലെ ആഘോഷിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

പുതിയ പാര്‍ലമെന്റ് തറക്കല്ലിടല്‍ പരിപാടിയില്‍ നിന്നും അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മാറ്റി നിര്‍ത്തിയെന്നും ഇന്ന് ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും മാറ്റി നിര്‍ത്തിയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വിമര്‍ശിച്ചു.

Content Highlight: Parliament inauguration, only fundamentalist Brahmin monks invited: Swami Prasad Maurya