ന്യൂദല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വിവാദമായിരിക്കവെ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ അബദ്ധ ട്വീറ്റ് ചര്‍ച്ചയാകുന്നു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി വലിയ പ്രചാരണം നടത്താനൊരുങ്ങുന്ന ബി.ജെ.പിയുടെ വീഡിയോകളിലൊന്നിന്റെ രൂപരേഖയാണ് അമിത് മാളവ്യ അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന സ്വര്‍ണച്ചെങ്കോലിനെ കുറിച്ചുള്ള വീഡിയോയുടെ ഡ്രാഫ്റ്റാണ് ലീക്കായത്.
ദൃശ്യങ്ങളില്ലാത്ത വീഡിയോ സ്‌ക്രിപ്റ്റാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ചെങ്കോല്‍ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് തുടങ്ങുന്ന സ്‌ക്രിപ്റ്റില്‍, മോദി ചിന്താനിമഗ്നനായിരിക്കുന്ന ചിത്രം വെക്കണമെന്നും, ഞായറാഴ്ചത്തെ പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മേളക്കാര്‍ക്കൊപ്പം മോദി ആദരവോടെ നടക്കുന്ന വിഷ്വല്‍ ചേര്‍ക്കണം എന്നുമാണ് എഴുതിയിരുന്നത്.
അബദ്ധം തിരിച്ചറിഞ്ഞ് അമിത് മാളവ്യ ട്വീറ്റ് ഉടനെ പിന്‍വലിച്ചെങ്കിലും, ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ക്കൊപ്പം നിരവധി ട്രോളുകള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞു. ആലോചിച്ചിരിക്കുന്ന മോദിയുടെ പടങ്ങള്‍ക്കൊപ്പം മാളവ്യയുടെ അബദ്ധത്തേയും കളിയാക്കുന്ന ട്രോളുകളാണ് ഇവയില്‍ അധികവും.
ഇതിന് പിന്നാലെ ചെങ്കോലിന്റെ പഴയ ചരിത്രം പുനരാവിഷ്‌ക്കരിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. അതില്‍ നെഹ്‌റുവിന്റെ പങ്കിനെക്കുറിച്ച് പറയുന്നതും ചര്‍ച്ചയാകുന്നുണ്ട്. ഒടുവില്‍ ബി.ജെ.പിക്കും നെഹ്‌റുവിനെ അംഗീകരിക്കേണ്ടി വന്നു എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്.
അതേസമയം, ചെങ്കോലിനെ കോണ്‍ഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന ആരോപണമാണ് അമിത് മാളവ്യ ഇന്ന് ഉയര്‍ത്തിയത്. ചെങ്കോല്‍ ആനന്ദഭവനിലേക്ക് ഒതുക്കപ്പെട്ടെന്നും നെഹ്‌റുവിന് സമ്മാനമായി കിട്ടിയ സ്വര്‍ണവടിയെന്നാണ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഹിന്ദു ആചാരങ്ങളോടുള്ള അവഗണനയാണെന്നും ബി.ജെ.പി ഐ.ടി സെല്‍ മേധാവി പറഞ്ഞു. ഇനിയിത് സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിക്കുമെന്നും വിശേഷാവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: Parliament inauguration BJP draft video leaked by amit malaviya