ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 28ന് നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കവേയാണ് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.
സംഘപരിവാര്‍ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കരുടെ ജന്മ ദിനമായ മെയ് 28ന് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. രാജ്യത്തിന്റെ സ്ഥാപക പിതാക്കന്‍മാരെ നാണം കെടുത്തുന്ന തീരുമാനമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.
അതേസമയം പാര്‍ലമെന്റ് മന്ദിരം, സുഹൃത്തുക്കള്‍ നല്‍കിയ സ്വകാര്യ സ്വത്ത് കൊണ്ട് നിര്‍മിച്ചത് പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
‘എന്തിനാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത്? അദ്ദേഹം എക്‌സിക്യൂട്ടീവിന്റെ അധികാരിയാണ്. അല്ലാതെ പാര്‍ലമെന്റിന്റെയല്ല. ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ചെയര്‍പേഴ്‌സണ്‍ എന്നിവരെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമായിരുന്നു.
പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചിരിക്കുന്നത് ജനങ്ങളുടെ പണം ഉപയോഗിച്ചാണ്. സുഹൃത്തുക്കള്‍ നല്‍കിയ സ്വകാര്യ സ്വത്ത് കൊണ്ട് നിര്‍മിച്ചത് പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്,’ ഉവൈസി പറഞ്ഞു.
content highlight: Parliament House: Not the Prime Minister; Inaugurated by the President: Rahul Gandhi