| Sunday, 28th May 2023, 10:37 pm

പാര്‍ലമെന്റ് മന്ദിരം താലിബാനിസ്റ്റ് അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പകര്‍പ്പിലേക്കുള്ള തുടക്കം: വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ലമെന്റ് ഉദ്ഘാടനം താലിബാനിസ്റ്റ് അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പകര്‍പ്പിലേക്ക് മാറുന്നതിന്റെ തുടക്കമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. അപഹാസ്യമായ ഒരു കാഴ്ചയ്ക്ക് പാര്‍ലമെന്റ് പോലെയുള്ള വേദി ഉപയോഗപ്പെടുത്തിയതില്‍ നിരാശയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വടിയും തൂക്കിപ്പിടിച്ച് കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി നടന്ന് വരികയായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

‘മതപരമായ പ്രദര്‍ശനം എന്ന് പറയുന്നത് ഇത് പോലെയുള്ള പൊതു സമൂഹത്തില്‍ അടിസ്ഥാനപരമായി എല്ലാവരും ഒഴിവാക്കാന്‍ ശ്രമിക്കേണ്ട ഒന്നാണ്. എത്രത്തോളം നമ്മള്‍ സ്ഥാനങ്ങളുടെ ഉയരങ്ങളിലേക്ക് പോകുന്നുവോ അത്രത്തോളം സ്വന്തം മതവിശ്വാസത്തെ പരസ്യപ്പലകയാക്കാതിരിക്കാനുള്ള അധിക ജാഗ്രത കാണിക്കേണ്ടതുണ്ട്.

പക്ഷേ ഇന്നിപ്പോള്‍ നമ്മള്‍ എന്താണ് കണ്ടത്. ഒരു വടിയും തൂക്കിപ്പിടിച്ച് കൊണ്ട് അത് ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി ഇങ്ങനെ നടന്ന് വരുന്നു. കൂടെ എന്തൊക്കെയോ മന്ത്രം ചൊല്ലി സന്യാസിമാര്‍. എന്നിട്ട് അത് അവിടെ സ്ഥാപിക്കുന്നു. അത്രത്തോളം അപഹാസ്യമായ ഒരു കാഴ്ചയ്ക്ക് ഇത് പോലെയുള്ള വേദി ഉപയോഗിക്കപ്പെട്ടുവെന്നതില്‍ നിരാശയാണ് സത്യത്തില്‍ നമുക്ക് തോന്നുന്നത്.

ഇതൊരു മതാധിഷ്ഠിത രാജ്യത്തേക്കുള്ള താലിബാനിസ്റ്റ് അഫ്ഗാനിസ്ഥാന്റെ ഒരു ഇന്ത്യന്‍ പകര്‍പ്പിലേക്കുള്ള അവസ്ഥയിലേക്ക് മാറുന്നു. അതിന്റെ തുടക്കമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് നമുക്ക് കാണേണ്ടതായിട്ട് വരികയാണ്,’ വി.ടി. ബല്‍റാം പറഞ്ഞു.

ഇന്ന് നടന്ന പാര്‍ലമെന്റ് മന്ദിരോദ്ഘാടന ചടങ്ങിന് നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.

ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമന്റെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണം പോലെ ആഘോഷിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഫ്യൂഡല്‍ രാജവാഴ്ചക്കാലത്തുള്ളതാണ് ചെങ്കോലെന്നും ജനാധിപത്യ രാജ്യത്ത് ചെങ്കോലിന് ഒരു സ്ഥാനവുമില്ലെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദനങ്ങള്‍’ എന്നാണ് ഉദ്ഘാടനത്തെ കുറിച്ച് നടന്‍ പ്രകാശ് രാജ് ട്വീറ്റില്‍ കുറിച്ചത്.

ഞായറാഴ്ചയാണ് പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോലും സ്ഥാപിച്ചു.

രാവിലെ ഏഴ് മണിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തി. തുടര്‍ന്ന് പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥനാ ചടങ്ങുകളും ഉണ്ടായിരുന്നു.

content highlight: Parliament House: Introduction to Indian Replica of Taliban Afghanistan: V.T. Balaram

Latest Stories

We use cookies to give you the best possible experience. Learn more