കാഠ്മണ്ഡു: പാര്‍ലമെന്റ് പിരിച്ചുവിട്ട് നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി. ആറ് മാസത്തിന് ശേഷം നവംബറില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. നവംബര്‍ 12 മുതല്‍ 18 വരെയുള്ള തിയതികളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് തുടര്‍ന്ന് ഡിസംബറില്‍ കെ.പി ശര്‍മ ഒലി സര്‍ക്കാരിന് അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടി വന്നിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിന് പിന്നാലെ ഒലിയെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. എന്നാല്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഒലിക്ക് ഭൂരിപക്ഷം തെളിയിക്കാനാകാതായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവായ നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹദൂര്‍ ദ്യേജ കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ഒലിയെ തന്നെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചിരുന്നത്.
പ്രതിപക്ഷത്തുനിന്നുള്ളവരടക്കം 153 പേരുടെ പിന്തുണയുണ്ടെന്നായിരുന്നു നേരത്തെ ഒലി അറിയിച്ചിരുന്നത്. 149 പേരുടെ പിന്തുണയായിരുന്നു ദ്യേജക്കുണ്ടായിരുന്നത്.
ഇതിന് പിന്നാലെ ഭരണഘടന ലംഘിച്ചുകൊണ്ട് ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയാല്‍ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. നേപ്പാളി കോണ്‍ഗ്രസ്, മാവോയിസ്റ്റ് പാര്‍ട്ടി, സമജ്ബാദി ജനത പാര്‍ട്ടിയിലെ ഒരു വിഭാഗം, ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളില്‍ നിന്നും പുറത്തുവന്ന യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്/ലെനിനിസ്റ്റ് എന്നിവരായിരുന്നു പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നത്.
നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ഒലിയും മുന്‍ പ്രധാനമന്ത്രി പ്രജണ്ടയും തമ്മില്‍ നടക്കുന്ന തര്‍ക്കവും വിഭാഗീയതകളുമാണ് നേപ്പാളില്‍ രാഷ്ട്രീയ അട്ടിമറികള്‍ക്കും അസ്ഥിരതക്കും കാരണമായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Parliament dissolved in Nepal, fresh elections in November