പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്ക്; സര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കാനുള്ള അടവെന്ന് കോണ്‍ഗ്രസ്
national news
പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്ക്; സര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കാനുള്ള അടവെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th July 2022, 12:57 pm

ന്യൂദല്‍ഹി: 65 വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാര്‍ലമെന്റ്. മന്ദബുദ്ധി, അരാജകവാദി, കൊവിഡ് വാഹകന്‍, സ്വേച്ഛാധിപതി, കഴിവില്ലാത്തവന്‍, ഗുണ്ടായിസം, കാപട്യം, കരിദിനം എന്നിവയുള്‍പ്പെടെ 65 വാക്കുകള്‍ക്കാണ് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്‌സഭ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പുതിയ ലഘുലേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് വാക്കുകളെ നിരോധിച്ചുകൊണ്ടുള്ള ലഘുലേഖ പുറത്തിറങ്ങിയത്. ഇരു സഭകള്‍ക്കും സ്പീക്കര്‍ പട്ടിക കൈമാറിയിട്ടുണ്ട്.

വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭ ചെയര്‍മാനും ലോക്സഭ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.

അതേസമയം പാര്‍ലമെന്റില്‍ നിന്ന് വാക്കുകള്‍ നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണ് പുതിയ നടപടിയെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുമെന്നും വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്നും കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ ട്വിറ്ററില്‍ കുറിച്ചു. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം കുറിച്ചു.

Content Highlight: parliament bans 65 words, congress slams it