ബുദ്ധിമുട്ടുകള്‍ക്കിടയിലും മികച്ച വിജയം നേടിയ ഗാലിബാണ് കശ്മീരിലെയും സോഷ്യല്‍മീഡിയയിലെയും ചര്‍ച്ചാ വിഷയം.
ശ്രീനഗര്‍: പാര്‍ലെമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരുവിന് പത്താംക്ലാസ് പരീക്ഷയില്‍ ഉന്നത ജയം. 500 475 മാര്‍ക്കോടെ സംസ്ഥാനത്ത് 19ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗാലിബ്. 95 ശതമാനം മാര്‍ക്കാണ് ഗാലിബ് നേടിയത്. എഴുതിയ എല്ലാ വിഷയങ്ങളിലും ഗാലിബിന് എ1 ഗ്രേഡാണ്.
ബുദ്ധിമുട്ടുകള്‍ക്കിടയിലും മികച്ച വിജയം നേടിയ ഗാലിബാണ് കശ്മീരിലെയും സോഷ്യല്‍മീഡിയയിലെയും ചര്‍ച്ചാ വിഷയം.
തന്റെ വിജയത്തിന്റെ ക്രെഡിറ്റ് കുടുംബത്തിനും തന്നെ സഹായിച്ച അധ്യാപകര്‍ക്കുമാണെന്ന് ഗാലിബ് പറഞ്ഞു. തുടര്‍പഠനത്തിനായി മുത്തച്ഛന്‍ താമസിക്കുന്ന ബാരമുല്ലയിലേക്ക് പോകുമെന്നും ഗാലിബ് പറഞ്ഞു.
തനിക്ക് ഒരു ഡോക്ടറാകാനാണ് ആഗ്രഹമെന്ന് 2013ല്‍ ഗാലിബ് ഒരു കശ്മീരി മാധ്യമത്തോട് പറഞ്ഞിരുന്നു. പപ്പയ്ക്കും ഇതറിയാം. ജയിലില്‍ അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ നന്നായി പരിശ്രമിക്കണമെന്ന് അദ്ദേഹം പറയാറുണ്ടെന്നും ഗാലിബ് പറഞ്ഞിരുന്നു.
ഗാലിബ് മാതാവിനൊപ്പം
അതേ സമയം ഗാലിബിന്റെ വിജയത്തെ കുറിച്ച് പ്രതികരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. സമാധാനമായി സാധാരണ ജീവിതം നയിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അഫ്‌സല്‍ ഗുരുവിന്റെ മരണത്തിനു ശേഷം ഭാര്യ തബാസം ഗുരു പറഞ്ഞിരുന്നത്.
ഗാലിബിന്റെ ബന്ധുകൂടിയായ അബ്ദുല്‍ അഹദ്ഗുരു കശ്മീരിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനാണ്. നേരത്തെ അഫ്‌സല്‍ ഗുരുവും മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു.
ഗാലിബിന് 2 വയസുള്ളപ്പോഴാണ് പാര്‍ലമെന്റ് ഭീകരാക്രമണ കേസില്‍ അഫ്‌സല്‍ഗുരു അറസ്റ്റിലാകുന്നത്.