| Wednesday, 25th March 2020, 9:59 pm

ആളുകള്‍ വിശന്നിരിക്കരുത്, മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ പാര്‍ലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് മൂന്നുകോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെ. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലെ മാതൃകാപരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ കഴി പാര്‍ലെ ജി പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതിനായി തങ്ങളുടെ നിര്‍മ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഉപയോഗിക്കുമെന്നും ആവശ്യത്തിനനുസരിച്ച് വിപണിയില്‍ ഉല്‍പ്പന്നം എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഓരോ ആഴ്ചയിലും ഒരു കോടി പാക്കറ്റ് വീതം വിതരണം ചെയ്യാനാണ് തീരുമാനമെന്ന് പാര്‍ലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു. ‘സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകളും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും’, മായങ്ക് ഷാ പി.ടി.ഐയോട് പറഞ്ഞു.

നിരവധി ജനങ്ങളുടെ ജീവിതം താറുമാറായ നിലവിലെ അവസ്ഥയില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ആരെയും പട്ടിണിയിലിടാതിരിക്കാന്‍ സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും മായങ്ക് വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ ജനങ്ങളില്‍ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ആളുകള്‍ ബിസ്‌ക്കറ്റ് അടക്കമുള്ള എല്ലാ ഭക്ഷണസാധനങ്ങളും വാങ്ങിക്കൂട്ടുകയാണ് വാങ്ങുന്നു. ഈ സമയത്ത് കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കുന്നതാണ് ബിസ്‌കറ്റുകള്‍. അതുകൊണ്ടാണ് അവയുടെ നിര്‍മ്മാണം കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണില്‍നിന്നും ബിസ്‌ക്കറ്റ് അടക്കമുള്ള ചില ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാതാക്കളെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, പ്രാദേശിക ഭരണ സംവിധാനങ്ങള്‍ വാഹനങ്ങള്‍ തടയുന്നത് നിര്‍മ്മാണത്തിനും വിതരണത്തിനും തടസം സൃ്ഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more