പാര്‍ലെ ജിയ്ക്ക് പോലും ആവശ്യക്കാരില്ല; 10000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങി പാര്‍ലെ
Economic Recession
പാര്‍ലെ ജിയ്ക്ക് പോലും ആവശ്യക്കാരില്ല; 10000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങി പാര്‍ലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2019, 4:52 pm

വില്‍പ്പനയില്‍ വന്ന ഇടിവ് മൂലം രാജ്യത്തെ പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാണ കമ്പനിയായ 10000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്നു. സാമ്പത്തിക വളര്‍ച്ച മുരടിപ്പും ഗ്രാമപ്രദേശങ്ങളില്‍ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതുമാണ് ഈ തീരുമാനത്തിലെത്താന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

നിലവിലെ സാഹചര്യം വളരെ പരിതാപകരമാണ്. ഇപ്പോള്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായേക്കുമെന്ന്
പാര്‍ലെയുടെ ബിസ്‌ക്കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു. 1929 ല്‍ സ്ഥാപിച്ച പാര്‍ലെയില്‍ നേരിട്ടും കരാര്‍ അടിസ്ഥാനത്തിലുമായി ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

കമ്പനിയുടെ ഏറ്റവും ആവശ്യക്കാരുള്ള ബിസ്‌ക്കറ്റായ പാര്‍ലെ ജി പോലും വില്‍പ്പന കുറഞ്ഞു. 2017ല്‍ അഞ്ച് രൂപയുടെ ബിസ്‌ക്കറ്റിന് പോലും വലിയ ജി.എസ്.ടിയാണ് ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കച്ചവടവും കുറഞ്ഞെന്ന് ബ്രിട്ടാനിയയും പറഞ്ഞിരുന്നു. അഞ്ച് രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലും വാങ്ങാന്‍ മടി കാണിക്കുന്നു എന്ന് ബ്രിട്ടാനിയ പറയുന്നു. ആദ്യപാദത്തിലെ വില്‍പ്പന കണക്കുകള്‍ ബ്രിട്ടാനിയ പുറത്ത് വിട്ടപ്പോള്‍ നേരത്തെയുള്ള പാദങ്ങളെക്കാള്‍ വില്‍പ്പന വളരെ താഴ്ന്നു.

ഒരു ഉപഭോക്താവ് അഞ്ച് രൂപയുടെ ഒരു സാധനം വാങ്ങുമ്പോള്‍ പോലും രണ്ട് തവണ ആലോചിക്കുന്നു. ഇത് തീര്‍ച്ചയായും കാണിക്കുന്നത് നമ്മുടെ സാമ്പത്തികവ്യവസ്ഥയില്‍ ഗൗരവമായ എന്തോ പ്രശ്നം ഉണ്ടെന്നാണ്- ബ്രിട്ടാനിയ മാനേജ്മെന്റ് പ്രതികരിച്ചു.

‘അടച്ചൂപൂട്ടേണ്ടി വരും, തൊഴിലും പോവും’; കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ യാചിച്ച് പത്രപരസ്യം നല്‍കി തുണി മില്ലുടമകള്‍

രാജ്യത്തെ വ്യവസായ മേഖലകളില്‍ നിന്ന് ദിനേന പ്രതിസന്ധികളുടെ വാര്‍ത്ത മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിന്ന് ആരംഭിച്ച പ്രതിസന്ധി ഇപ്പോള്‍ അടിവസ്ത്ര വ്യവസായം, ബിസ്‌ക്കറ്റ് വ്യവസായം എന്നിവ പിന്നിട്ട് തുണി വ്യവസായത്തെയും ബാധിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ തുണി വ്യവസായം വലിയ വെല്ലുവിളി നേരിടുകയാണെന്നും മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യാചിച്ച് വടക്കേ ഇന്ത്യയിലെ തുണി മില്‍ ഉടമകള്‍ ഇന്ന് പത്ര പരസ്യം നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് പരസ്യം നല്‍കിയത്.

വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അത് തൊഴിലുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷിക മേഖലക്ക് സംഭവിച്ചത് തന്നെയാണ് ഇവിടെയും സഭവിക്കുക എന്ന് പരസ്യത്തില്‍ പറയുന്നു.

10 കോടിയോളം പേര്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന വ്യവസായമാണ് ഇതെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഇടപെട്ട് തൊഴില്‍ നഷ്ടം സംഭവിക്കാതെ നോക്കാനും നിഷ്‌ക്രിയ ആസ്തിയാവാതെ പോവാനും ശ്രദ്ധിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.