| Thursday, 11th June 2020, 8:39 am

'വെറുമൊരു ബിസ്‌കറ്റല്ല, അതൊരു വികാരമാണ്, കവറിലെ പെണ്‍കുട്ടി ആദ്യ പ്രണയവും'; ലോക്ഡൗണില്‍ പാര്‍ലെ ജി ബിസ്‌കറ്റിന് റെക്കോര്‍ഡ് വില്‍പന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനപ്രിയ ബിസ്‌കറ്റെന്ന് പൊതുവെ പറയപ്പെടുന്ന പാര്‍ലെ ജി ബിസ്‌കറ്റിന് കൊവിഡ് ലോക്ഡൗണ്‍ സമയത്ത് റെക്കോര്‍ഡ് വില്‍പനയെന്ന് റിപ്പോര്‍ട്ട്. പാര്‍ലെയുടെ വിപണി വിഹിതത്തില്‍ അഞ്ച് ശതമാനം വര്‍ധിച്ചെന്ന് കമ്പനി വ്യക്തമാക്കി. ഇതില്‍ 90 മുതല്‍ 95 ശതമാനം വരെ പാര്‍ലെ ജി ബിസ്‌കറ്റുകള്‍ക്കായിരുന്നു.

ഏപ്രില്‍-മെയ് മാസങ്ങളില്‍ പാര്‍ലെ ജിയുടെ വില്‍പനയില്‍ വലിയ വര്‍ധയുണ്ടായതായി പാര്‍ലെ പ്രൊഡക്‌സ് സീനിയര്‍ കാറ്റഗറി ഹെഡ് മയാങ്ക് ഷാ പറഞ്ഞു. ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ള പാര്‍ലെ ജി ബിസ്‌കറ്റ് സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളില്‍ ഉള്‍പ്പെടുത്തിയതും വില്‍പന വര്‍ധിക്കാന്‍ കാരണമായെന്ന് മയാങ്ക് പറഞ്ഞു.

ഈ വിവരം പങ്കുവെച്ച് പാര്‍ലെ ട്വീറ്റ് ചെയ്തതോടെ നിരവധിപ്പേരാണ് പാര്‍ലെയുമായി ബന്ധപ്പെട്ടുള്ള ബാല്യകാല ഓര്‍മ്മകള്‍ പുതുക്കിയത്. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ ട്വീറ്റ് ചെയ്തതിങ്ങനെ, ‘എന്റെ ജീവിതം മുഴുവന്‍ ഊര്‍ജ്ജസ്വലമാക്കിയത് ചായയും പാര്‍ലെ ജിയുമാണ്. പാര്‍ലെ ജിയുടെ പാക്കിങ് പ്ലാസ്റ്റിക് ഇതര വസ്തുക്കള്‍കൊണ്ടായാല്‍ മാത്രം എത്രത്തോളും പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? അത്രത്തോളമാണ് അതിന്റെ ജനപ്രീതി. ഇപ്പോഴതിന്റെ വില്‍പന ഉയര്‍ന്നിരിക്കുന്നു. നല്ല ഒരു നാളേക്കായി ഇനിയും എന്തെല്ലാം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം’.

പാര്‍ലെ ജി വെറുമൊരു ബിസ്‌കറ്റല്ല അതൊരു വികാരമാണെന്ന് നിരവധിപ്പേരാണ് ട്വീറ്റ് ചെയ്തത്. 90 കളില്‍ ജനിച്ച കുട്ടികള്‍ക്ക് പാര്‍ലെയെ മറക്കാനാവില്ലെന്നും ട്വീറ്റുകളുണ്ട്. പാര്‍ലെ ജിയുടെ കവറിലെ പെണ്‍കുട്ടിയായിരിക്കാം നിങ്ങളുടെ ആദ്യ പ്രണയമെന്നും ചിലര്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും പഴയ ബിസ്‌കറ്റ് ബ്രാന്‍ഡുകളിലൊന്നാണ് പാര്‍ലെ. പാര്‍ലെയുടെ ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായുണ്ടാകുന്ന ഏറ്റവും കൂടിയ വര്‍ധനവാണിത്.

നേരത്തെ സൂനാമി, ഭൂമി കുലുക്കം തുടങ്ങിയ സമയങ്ങളിലും പാര്‍ലെ ജിയുടെ വില്‍പന ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more