|

2024ലെ ആദ്യ കിരീടം ഷെല്‍ഫില്‍ എത്തിച്ച് പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ആദ്യ കിരീടം സ്വന്തമാക്കി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെന്‍. ടുലൂസ് എഫ്.സിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് പി.എസ്.ജി ട്രോഫി ഡെസ് ചാമ്പ്യന്‍സ് കപ്പ് സ്വന്തമാക്കിയത്.

പാരീസ് 12 തവണയാണ് ഈ കിരീടം സ്വന്തമാക്കുന്നത്. പുതിയ പരിശീലകന്‍ ലൂയിസ് എന്റിക്കയുടെ കീഴില്‍ പാരീസ് സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്.

പാരീസിന്റെ തട്ടകമായ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു ടുലൂസ് പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ലീ കാങ്ങിലൂടെ പാരീസ് ലീഡെടുത്തു. ആദ്യപകുതി പിന്നിടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രഞ്ച് വമ്പന്മാര്‍ മത്സരത്തില്‍ രണ്ടാം ഗോളും നേടി.

സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ വകയായിരുന്നു ഗോള്‍. ഫ്രഞ്ച് സൂപ്പര്‍ താരം ഈ വര്‍ഷം നേടുന്ന ആദ്യ ഗോള്‍ ആയിരുന്നു ഇത്. പി.എസ്.ജിക്കൊപ്പം എംബാപ്പെ നേടുന്ന 16ാം കിരീടമാണിത്.

രണ്ടാം പകുതിയില്‍ സന്ദര്‍ശകര്‍ മറുപടി ഗോളിനായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പാരീസ് പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പി. എസ്. ജി സ്വന്തം ആരാധകരുടെ മുന്നില്‍ കിരീടം ഉയര്‍ത്തുകയായിരുന്നു.

അതേസമയം ലീഗ് വണ്ണിലും പാരീസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 17 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും ഒരു തോല്‍വിയും അടക്കം 40 പോയിന്റുമായി കുതിക്കുകയാണ് ഫ്രഞ്ച് വമ്പന്മാര്‍.

ഫ്രഞ്ച് കപ്പില്‍ ജനുവരി എട്ടിന് റിവലിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlight: Paris saint germain won first trophy in 2024.