പാരീസ്: 17കാരനായ തന്റെ മകന്‍ കൊല്ലപ്പെട്ടതില്‍ ഫ്രാന്‍സിലെ മുഴുവന്‍ പൊലീസുകാരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് ആഫ്രിക്കന്‍ അറബ് വംശജന്‍ നഹേലിന്റെ മാതാവ്. മകന്റെ ജീവന്‍ അപഹരിച്ചയാളെ മാത്രമെ താന്‍ കുറ്റപ്പെടുത്തുന്നുള്ളൂവെന്നും നഹേലിന്റെ മാതാവ് മൗനിയ പറഞ്ഞു.
അറബ് മുഖമുള്ളൊരു ചെറിയ കുട്ടിയെ കണ്ടിട്ടും അവന്റെ ജീവനെടുക്കാന്‍ ആഗ്രഹിച്ച 38കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് ശിക്ഷ ലഭിക്കേണ്ടതെന്നും മൗനിയ പറഞ്ഞു.
ട്രാഫിക് നിയമലംഘനം നടത്തിയതിനാണ് അള്‍ജീരിയന്‍-മൊറോക്കന്‍ എം നഹെലിനെ പൊലീസുകാര്‍ വെടിവെച്ചുകൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിന്റെ നടപടിയില്‍ വംശീയ വിദ്വേഷം കൂടിയുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അതേസമയം, ആഫ്രിക്കന്‍ വംശജനായ 17കാരനെ പൊലീസ് വെടിവെച്ച് കൊന്നതിന് പിന്നാലെ ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ 249 പൊലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 875 പേരെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്രാന്‍സിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം മൂന്നാം ദിവസം രാത്രിയോടെ അക്രമങ്ങള്‍ വ്യാപിച്ചിരുന്നു. പുതുതായി മാര്‍സെയില്‍, ലിയോണ്‍, പോ, ടൗളൂസ്, ലിലെ എന്നീ നഗരങ്ങളിലാണ് കലാപം പടരുന്നത്. ഇവിടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ അക്രമങ്ങളും കൊള്ളയും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിരവധി നഗരങ്ങളിലേക്ക് കൂടി സംഘര്‍ഷം വ്യാപിച്ചതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 40,000 സൈനികരെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും അക്രമ സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കൗമാരക്കാരന്‍ കൊല്ലപ്പെട്ട പാരീസിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ നാന്ററെയിലാണ് ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ പ്രതിഷേധക്കാര്‍ കാറുകള്‍ കത്തിക്കുകയും തെരുവുകളില്‍ ഗതാഗതം തടസപ്പെടുത്തുകയും പൊലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു.
സെന്‍ട്രല്‍ പാരീസില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ക്ലാമാര്‍ട്ടിലെ പ്രാദേശിക അധികാരികള്‍ തിങ്കളാഴ്ച വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും രാത്രി 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ലെന്ന് ഗ്രേറ്റര്‍ പാരീസ് മേഖലയുടെ തലവനായ വലേരി പെക്രെസ് പറഞ്ഞു.