പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ് ഇന്ത്യ മെഡല്‍ വെടിവെച്ചിട്ടത്. പത്ത് മീറ്റര്‍ എയര്‍ റെെഫിള്‍ (എസ്.എച്ച് 1) വിഭാഗത്തില്‍ അവനി ലേഖരയാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.
തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്‌സിലാണ് അവനി ഇന്ത്യക്കായി സ്വര്‍ണം നേടുന്നത്. 2022ല്‍ നടന്ന ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇതേ വിഭാഗത്തില്‍ അവനി സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്താണ് അവനി പാരീസില്‍ സ്വര്‍ണ മെഡല്‍ നേടിയത്.
2021ല്‍ ടോക്കിയോയില്‍ സ്വര്‍ണം നേടിയതോടെ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ എന്ന നേട്ടവും അവനി സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ അവനിക്ക് ആ നേട്ടം വീണ്ടും ആവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് കായിക ലോകം.
11ാം വയസില്‍ സംഭവിച്ച അപകടമാണ് അവനിയുടെ ജീവതം തന്നെ മാറ്റി മറിച്ചത്. അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നുപോയ അവനി എന്നാല്‍ തോറ്റുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. വീല്‍ ചെയറില്‍ തോക്കേന്തി ഇന്ത്യയുടെ അഭിമാനമാവുകയായിരുന്നു താരം.
നിലവില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവുമായി രണ്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. നാല് സ്വര്‍ണവും ഒരു വെള്ളിയും അടക്കം അഞ്ച് മെഡലുമായി ചൈനയാണ് ഒന്നാമത്.
Content highlight: Paris Paralympics 2024: Avani Lekhara won gold in 10 meter air rifle