പാരീസ് ഒളിമ്പിക്സിൽ സ്വർണ തിളക്കത്തിൽ മുള്ളർ; മെഡൽ പൊക്കി തോമാച്ചായന്റെ ബ്രഹ്മാസ്ത്രം
DSport
പാരീസ് ഒളിമ്പിക്സിൽ സ്വർണ തിളക്കത്തിൽ മുള്ളർ; മെഡൽ പൊക്കി തോമാച്ചായന്റെ ബ്രഹ്മാസ്ത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 3:31 pm

2024 പാരീസ് ഒളിമ്പിക്‌സില്‍ വ്യക്തിഗത ജംബിങ് വിഭാഗത്തില്‍ ജര്‍മനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ക്രിസ്റ്റ്യാന്‍ കുക്കുക്കാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. ജര്‍മനിക്കായി മെഡല്‍ നേടാന്‍ സഹായിച്ചത് ആരുടെ കുതിരയാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്.

ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും ഇതിഹാസതാരങ്ങളില്‍ ഒരാളായ തോമസ് മുള്ളറുടെ സഹ ഉടമസ്ഥതയിലുള്ള കുതിരയാണ് ഇത്. ജര്‍മന്‍ സംരംഭകനായ മഡലീന്‍ വിന്റര്‍ ഷൂള്‍സാണ് കുതിരയുടെ സഹ ഉടമ. 38.84 സെക്കന്റിലാണ് കുതിര ചാടിയിരുന്നത്. ഈ ഇനത്തില്‍ ജര്‍മനി അവസാനമായി മെഡല്‍ നേടിയിരുന്നത് 2004 ലായിരുന്നു.

View this post on Instagram

A post shared by 433 (@433)

അതേസമയം മുള്ളര്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം പുതിയ സീസണിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ടുകൊണ്ട് ജര്‍മനി പുറത്തായിരുന്നു.

ഇതിന് പിന്നാലെ മുള്ളര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. ജര്‍മനിക്കായി 131 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 45 ഗോളുകളും 41 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ക്ലബ്ബ് തലത്തില്‍ ബയേണ്‍ മ്യൂണിക്കിനായി 707 മത്സരങ്ങളില്‍ നിന്നും 242 ഗോളുകളും 268 ആസിസ്റ്റുകളുമാണ് മുള്ളര്‍ നേടിയിട്ടുള്ളത്.

ജര്‍മന്‍ വമ്പന്മാര്‍ക്കൊപ്പം തുടര്‍ച്ചയായ പതിനാറാം സീസണില്‍ കളത്തില്‍ ഇറങ്ങാനാണ് മുള്ളര്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാവേറിയന്‍സിന് സാധിച്ചിരുന്നില്ല. ബുണ്ടസ് ലീഗയില്‍ സാബി അലോണ്‍സയുടെ കീഴില്‍ ബയര്‍ ലെവര്‍കൂസനായിരുന്നു കിരീടം ചൂടിയത്.

2011-12 സീസണിനു ശേഷം ഇത് ആദ്യമായാണ് ബയേണ്‍ ഒരു സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുന്നത്. പുതിയ പരിശീലകന്‍ വിന്‍സന്റ് കൊമ്പാനിയുടെ കീഴില്‍ ബയേണ്‍ ഈ സീസണില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടികളെല്ലാം മാറുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Paris Olympics 2024 Thomas Muller Owned Horse Won Gold Medal