പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പി.വി. സിന്ധുവിന് ആദ്യ ജയം. ഗ്രൂപ്പ് എം-ല്‍ മാല്‍ദീവ്‌സിന്റെ ഫാത്തിമത് നബാഹ അബ്ദുള്‍ റസാഖിനെ പരാജയപ്പെടുത്തിയാണ് സിന്ധു മുമ്പോട്ട് കുതിച്ചത്. വെറും 29 മിനിട്ടില്‍ സിന്ധു മത്സരം സ്വന്തമാക്കുകയായിരുന്നു.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. 111ാം റാങ്കുകാരിയായ ഫാത്തിമത്തിന് മത്സരത്തില്‍ ഒരു നിമിഷം പോലും മുന്‍തൂക്കം നല്‍കാതെയായിരുന്നു സിന്ധുവിന്റെ റാക്കറ്റ് മത്സരം പിടിച്ചടക്കിയത്. സ്‌കോര്‍ 21-9, 21-6. ഈ വിജയത്തിന് പിന്നാലെ റൗണ്ട് ഓഫ് സിക്‌സ്റ്റീനിലേക്ക് ഒരു അടി കൂടി വെക്കാനും ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് സാധിച്ചു.
എതിരാളിക്ക് നിലയുറപ്പിക്കാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ സിന്ധു അക്കൗണ്ട് തുറന്നിരുന്നു. ഏഴ് പോയിന്റ് അഡ്വാന്റേജോടെ തുടങ്ങിയ സിന്ധു ആദ്യ സെറ്റ് വെറും 13 മിനിട്ടില്‍ സ്വന്തമാക്കി.
രണ്ടാം സെറ്റിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല. സിന്ധുവിന്റെ ചെറിയ ചില പിഴവുകള്‍ മുതലെടുക്കാന്‍ ഫാത്തിമത്തിന് സാധിച്ചു എന്നതൊഴിച്ചാല്‍ രണ്ടാം സെറ്റും ആദ്യ സെറ്റിന്റെ നേര്‍ സാക്ഷ്യമായിരുന്നു. ആദ്യ സെറ്റിനേക്കാള്‍ ആധികാരികമായി 10ാം സീഡ് താരം രണ്ടാം സെറ്റും സ്വന്തമാക്കി.
75ാം റാങ്കുകാരിയായ എസ്‌റ്റോണിയന്‍ താരം ക്രിസ്റ്റിന്‍ കൂബയാണ് അടുത്ത മത്സരത്തില്‍ സിന്ധുവിന്റെ എതിരാളി. ജൂലൈ 31നാണ് മത്സരം. ജൂലൈ 30നാണ് ക്രിസ്റ്റിന്‍ കൂബയുടെ ആദ്യ മത്സരം. മാല്‍ദീവ്‌സിന്റെ ഫാത്തിമത് നബാഹ അബ്ദുള്‍ റസാഖാണ് എതിരാളി.
ജൂലൈ 31ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റിന്‍ കൂബയെ പരാജയപ്പെടുത്തിയാല്‍ നോക്ക് ഔട്ടില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധുവിന് നേരിടാനുണ്ടാവുക.