| Monday, 12th August 2024, 8:59 am

പാരീസ് ഒളിമ്പിക്സ്; സ്വർണം നേടിയതിന് പിന്നാലെ വിമർശകർക്കെതിരെ ആഞ്ഞടിച്ച് ഇമാനെ ഖലീഫ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: 2024 പാരീസ് ഒളിമ്പിക്സ് ഗെയിംസിൽ സ്ത്രീകളുടെ ബോക്സിങ് വിഭാഗത്തിൽ സ്വർണം നേടി വിമർശകർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അൾജീരിയൻ താരം ഇമാനെ ഖലീഫ്‌. 66 കിലോഗ്രാം വിഭാഗത്തിൽ അൾജീരിയയുടെ ആദ്യ സ്വർണമാണ് ഇമാനെ നേടിയത്.

റോളണ്ട് ഗാരോസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഖെലിഫ് ഫൈനലിൽ ഏകകണ്ഠമായ 5-0 ത്തിന് ചൈനയുടെ യാങ് ലിയുവിനെ പരാജയപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഇമാനെക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. അവരുടെ ലിംഗത്തെ ചോദ്യം ചെയ്ത നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ അവരെ ആക്രമിച്ചിരുന്നു. ഇറ്റാലിയൻ എതിരാളിയായ ഏഞ്ജല കാരിണിയെ വെറും 46 സെക്കന്റ് കൊണ്ട് തോൽപ്പിച്ചതോടെയാണ് ഖലീഫിനെതിരെയുള്ള വിമർശനം ആരംഭിച്ചത്. ഹാരിപ്പോട്ടർ രചയിതാവ് ജെ.കെ. റൗളിങ് അവരെ പുരുഷൻ എന്ന് വിളിച്ചിരുന്നു.

മത്സരത്തിന് പിന്നാലെ തന്റെ വിമർശകർക്കുള്ള മറുപടിയുമായി ഖലീഫ്‌ മുന്നോട്ടെത്തിയിരിക്കുകയാണ്. തന്റെ വിമർശകരെ അവർ വിജയത്തിന്റെ ശത്രുക്കൾ എന്ന് വിളിക്കുകയും താൻ ഒരു സ്ത്രീ തന്നെയാണെന്ന് ശക്തമായി പ്രതികരിക്കുകയും ചെയ്തു.

‘എനിക്ക് യോഗ്യത ഉണ്ടോ ഇല്ലയോ എന്നും, ഞാൻ ഒരു സ്ത്രീയാണോ എന്ന് തുടങ്ങിയ നിരവധി പ്രസ്താവനകൾ മാധ്യമങ്ങൾ നടത്തിയിട്ടുണ്ട്. ഈ മത്സരത്തിൽ പങ്കെടുക്കാൻ എനിക്ക് പൂർണ യോഗ്യതയുണ്ട്. മറ്റേതൊരു സ്ത്രീയെയും പോലെ ഞാനും ഒരു സ്ത്രീയാണ്. ഞാൻ ഒരു സ്ത്രീയായി ജനിച്ചു, സ്ത്രീയായി ജീവിച്ചു, ഇപ്പോൾ ഒരു സ്ത്രീയായി മത്സരിച്ച് വിജയിച്ചു. വിജയത്തിന്റെ ശത്രുക്കൾ അതാണ് ഞാൻ അവരെ വിളിക്കുന്നത്. അവരുടെ ആക്രമണങ്ങൾ കാരണം ഈ വിജയത്തിന് അതിമധുരമാണ്,’ ഖലീഫ്‌ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇമാനെയും തായ്‌വാനീസ് ബോക്‌സർ ലി യു-ടിങ്ങി നെയും ഇൻ്റർനാഷണൽ ബോക്‌സിങ് അസോസിയേഷൻ (IBA) അയോഗ്യരാക്കിയിരുന്നു. ജനിതക പരിശോധനയിൽ ഇമാനെ പുരുഷനാണെന്ന് ആരോപിച്ചായിരുന്നു ഐ.ബി.എ അവരെ അയോഗ്യയാക്കിയത്.

ഐ.ബി.എയുടെ തീരുമാനങ്ങളുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഖലീഫിൻ്റെയും ലീയുടെയും അയോഗ്യതയിലേക്ക് നയിച്ച തെറ്റായ ലിംഗ പരിശോധന ഉൾപ്പെടെയുള്ള ഭരണപരമായ പ്രശ്‌നങ്ങൾ കാരണം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി ) ഒളിമ്പിക് ബോക്‌സിങിന്റെ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് ഐ.ബി.എയെ സ്ഥിരമായി വിലക്കിയിരുന്നു.

Content Highlight: Paris Olympics 2024: Imane Khelif hits out at critics after winning gold

We use cookies to give you the best possible experience. Learn more