|

റോഡ് സുരക്ഷക്ക് ഭീഷണി; ഇ-സ്‌കൂട്ടറുകള്‍ വിലക്കാനൊരുങ്ങി പാരീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: സെപ്റ്റംബര്‍ മുതല്‍ നിരത്തുകളില്‍ വാടക വൈദ്യുത സ്‌കൂട്ടറുകള്‍ വിലക്കാനൊരുങ്ങി പാരീസ്. ഇതിനായി നടത്തിയ ഹിതപരിശോധനയില്‍ 89 ശതമാനം ജനങ്ങളും പാരീസില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരോധിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 11 ശതമാനം പേര്‍ തീരുമാനത്തെ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.

നഗരത്തില്‍ വര്‍ധിച്ച് വരുന്ന വാഹനാപകടങ്ങള്‍ക്ക് ഇ-സ്‌കൂട്ടറുകള്‍ കാരണമാകുന്നുണ്ടെന്ന പരാതിയിലാണ് ഹിത പരിശോധന നടത്താന്‍ പാരീസ് ഭരണകൂടം തീരുമാനിച്ചത്.

എന്നാല്‍ നഗരത്തിലെ 13 ലക്ഷം വരുന്ന വോട്ടര്‍മാരില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടുള്ളതെന്ന് മേയര്‍ അന്ന ഹിഡാല്‍ഗോ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ടെന്നും, നഗരത്തില്‍ ആകെ നടക്കുന്ന അപകടങ്ങളില്‍ ചെറിയ ശതമാനം മാത്രമാണ് ഇ-സ്‌കൂട്ടറുകള്‍ മുഖേന ഉണ്ടായതെന്നുമാണ് സ്‌കൂട്ടര്‍ നിര്‍മാതാക്കളുടെ വാദം.

ഇ-സ്‌കൂട്ടര്‍ നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മേയര്‍ പിന്മാറുമെന്നും കൂടുതല്‍ വിവേക പൂര്‍ണമായ തീരുമാനത്തിന് തയ്യാറാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, പാരീസിനെ പിന്നോട്ട് നയിക്കുന്ന തീരുമാനങ്ങളില്‍ നിന്ന് അവര്‍ പിന്തിരിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ lime ഇ-സ്‌കൂട്ടര്‍ പ്രതിനിധി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സിന്റെ ഗതാഗത മന്ത്രി ക്ലമന്റ് ബ്യൂണും വോട്ടെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണുകള്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 2018ലാണ് ഫ്രഞ്ച് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് പരാതികള്‍ വ്യാപകമായതോടെ സര്‍ക്കാര്‍ ഇടപെട്ട് കമ്പനികളുടെ എണ്ണം മൂന്നാക്കി ചുരുക്കിയിരുന്നു.

അതോടൊപ്പം സ്പീഡ് ലിമിറ്റ് 20 കിലോമീറ്ററില്‍ കൂടരുതെന്നും പ്രത്യേക പാര്‍ക്കിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് വരുന്ന സെപ്റ്റംബറില്‍ അവസാനിക്കും. ഇതിന് ശേഷം വാടക സ്‌കൂട്ടറുകള്‍ നിരോധിക്കാനാണ് പുതിയ തീരുമാനം.

കഴിഞ്ഞ വര്‍ഷം 459 ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ നടന്നിട്ടുണ്ടെന്ന് പാരീസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2021 ല്‍ 24 ആളുകള്‍ സ്‌കൂട്ടര്‍ ആക്‌സിഡന്റുകളില്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഹിതപരിശോധന നടന്നത്.

Content Highlight: Paris is going to ban electronic scooters