പാരീസ്: ഷെര്‍ലി എബ്ദോ വാരിക ഓഫീസില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചു. ഷെരീഫ്, സെയ്ദ് എന്നീ സഹോദരന്‍മാരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ ബന്ദികളാക്കിയവരെ പോലീസ് മോചിപ്പിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട ഓപറേഷന് ഒടുവിലാണ് ഭീകരവാദികളെ വധിക്കാനായത്. വടക്കന്‍ പാരീസിലെ ഡമ്മാര്‍ട്ടിന്‍ എന്‍ ഗോയെല്‍ നഗരത്തില്‍ ഒരു പ്രിന്റിങ് ഹൗസിലാണ് തീവ്രവാദികള്‍ ഒളിച്ചിരുന്നത്.
കിഴക്കന്‍ പാരീസില്‍ കോഷര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭീകരന്‍ ബന്ദികളാക്കിയവരെയും പൊലീസ് മോചിപ്പിച്ചു. ഇവിടെ കമാന്‍ഡോ നടപടി തുടരുകയാണ്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അക്രമിയെന്ന് സംസയിക്കപ്പെടുന്നുണ്ട് ഇയാളെയും സൈന്യം വക വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
രക്തസാക്ഷികളാവാന്‍ തയ്യാറായിട്ടാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നത്. ഇവര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ സൈന്യം കെട്ടിടത്തിലേക്ക് ഇരച്ച് കയറുകയായിരുന്നു.
പാരീസില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായാണ് പ്രിന്റിങ് ഹൗസ് സ്ഥിതി ചെയ്യുന്നത്. പ്രദേശം പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലായിരുന്നു. പ്രദേശത്തെ ജനങ്ങളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും, കുട്ടികളെ സ്‌കൂളില്‍ തന്നെ ഇരുത്താനും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
നേരത്തെ വാരിക ഓഫീസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ നാല് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളക്കം 12 പേരാണ് മരിച്ചിരുന്നത്. ഇത് കൂടാതെ പാരീസില്‍ അരങ്ങേറിയ വിവിധ ഏറ്റുമുട്ടലുകളിലായി മരിച്ചവരുള്‍പടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി