വെര്‍സൈല്‍സ്: പ്രണയ നഗരമെന്ന വിശേഷണം നഷ്ടപ്പെട്ട് പാരിസ്. ഹവായിലെ മൗയി നഗരത്തെ റൊമാന്റിക് ഗേറ്റ് വേയായി പ്രണയിതാക്കള്‍ തെരഞ്ഞെടുത്തതോടെയാണ് പാരിസ് നഗരത്തിന് ഈ നഷ്ടമുണ്ടായത്. ലോകത്തെ റൊമാന്റിക് ഡെസ്റ്റിനേഷനുകള്‍ അറിയുന്നതിനായി ടോക്കര്‍ റിസര്‍ച്ചും ഫണ്‍ജെറ്റ് വെക്കേഷനും ചേര്‍ന്ന് പുറത്തിറക്കിയ പട്ടികയില്‍ മൗയി ഒന്നാമതെത്തി.
2000 അമേരിക്കന്‍ പൗരന്മാരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തുവിട്ടത്. സര്‍വേയില്‍ 34 ശതമാനം വോട്ടാണ് മൗയിക്ക് ലഭിച്ചത്. ഇതോടെ ദീര്‍ഘകാലമായി പ്രണയ നഗരമെന്ന് അറിയപ്പെട്ടിരുന്ന പാരിസിന് ഈ വിശേഷണം നഷ്ടപ്പെടുകയായിരുന്നു.
സര്‍വേയില്‍ 69 ശതമാനം പ്രണയിതാക്കളും ചെറുതും വലിയ രീതിയില്‍ അറിയപ്പെടാത്തതുമായ ലൊക്കേഷനുകള്‍ വന്‍ നഗരങ്ങളേക്കാള്‍ കൂടുതല്‍ റൊമാന്റിക് അനുഭവം നല്‍കുമെന്ന് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. 55 ശതമാനം ആളുകള്‍ ബീച്ച് ഡെസ്റ്റിനേഷനുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
727.2 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള മൗയി ഹവായിയന്‍ ദ്വീപസമൂഹത്തിലെ രണ്ടാമത്തെ വലിയ ദ്വീപാണ്. ഇത് യു.എസിലെ പതിനേഴാമത്തെ വലിയ ദ്വീപ് കൂടിയാണ്.
Content Highlight: Paris has lost its title as the city of love