| Wednesday, 15th May 2024, 12:18 pm

ഗോള്‍ഡന്‍ ബോള്‍ നാളുകള്‍ക്ക് മുന്നേ മോഷണം പോയതാണ്: ലേലം നടത്താനനുവദിക്കില്ലെന്ന് മറഡോണയുടെ മക്കള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ്: ഡീഗോ മറഡോണയ്ക്ക് കിട്ടിയ ഗോള്‍ഡന്‍ ബോളിന്റെ ലേലം തടയാന്‍ കോടതിയെ സമീപിക്കുമെന്ന് മറഡോണയുടെ മക്കള്‍. 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയില്‍ ഡീഗോ മറഡോണയ്ക്ക് കിട്ടിയ ഗോള്‍ഡന്‍ ബോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയതാണെന്നാണ് മക്കളുടെ ആരോപണം.

മറഡോണയ്ക്ക് കിട്ടിയ പുരസ്‌കാരം ജൂണ്‍ 6ന് ലേലത്തില്‍ വെക്കുമെന്ന് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്‌സ് നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഗോള്‍ഡന്‍ ബോളില്‍ അവകാശവാദമുന്നയിച്ച് മറഡോണയുടെ മക്കള്‍ രംഗത്തെത്തിയത്.

ട്രോഫിയുടെ ലേലം തടയാന്‍ ഡീഗോ മറഡോണയുടെ മക്കള്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അവരുടെ അഭിഭാഷകന്‍ ഗിലസ് മോറു പറഞ്ഞു. ലേലം പിന്‍വലിക്കാന്‍ പാരീസിനടുത്തുള്ള നാന്റേര്‍ ജുഡീഷ്യല്‍ കോടതിയുടെ പ്രസിഡന്റിന് അടിയന്തര അഭ്യര്‍ത്ഥന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രോഫി മോഷ്ടിക്കപ്പെട്ടതാണെന്നും നിലവിലെ ഉടമയ്ക്ക് ഇത് വില്‍ക്കാന്‍ അര്‍ഹതയില്ലെന്നും മറഡോണയുടെ മക്കള്‍ പറയുന്നു. കുറെ നാളുകളായി ട്രോഫി എവിടെയാണെന്ന് അറിയില്ലായിരുന്നെന്ന് പറഞ്ഞ മക്കള്‍, പിന്നീടിത് ഒരു സ്വകാര്യ കമ്പനിയുടെ ശേഖരത്തില്‍ നിന്നാണ് കണ്ടെത്തിയത് എന്ന് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രോഫി വാങ്ങിയ ആള്‍ അത് മോഷ്ടിക്കപ്പെട്ടത് അറിഞ്ഞിരുന്നില്ലെന്നാണ് ലേലം ചെയ്യുന്ന സ്ഥാപനത്തിന്റെ വാദം. ട്രോഫിയുടെ പ്രത്യേകത കാരണം ദശലക്ഷക്കണക്കിന് തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാപനം പറഞ്ഞു. ആവശ്യമായ എല്ലാ ഗവേഷണങ്ങളും ഡാറ്റാബേസുകളും പരിശോധിച്ചാണ് നടപടികളുമായി മുന്നോട്ട് പോയതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

1986-ല്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്ന ഫൈനലില്‍ മറഡോണ നയിച്ച അര്‍ജന്റീന പശ്ചിമ ജര്‍മ്മനിയെ 3-2 ന് പരാജയപ്പെടുത്തിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 2-1 ന് ജയിച്ചപ്പോള്‍ ‘ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോളും’ ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്നു. 2020ല്‍ അറുപതാം വയസ്സിലാണ്
മറഡോണ അന്തരിച്ചത്.

Content Highlight: Paris Auction Must Be Banned’; Maradona’s children claim that the Golden Ball was stolen

Latest Stories

We use cookies to give you the best possible experience. Learn more