പാരീസ്: പാരീസ് മാഗസിനായ ഷാര്‍ലെ ഹെബ്ദൊയുടെ മുന്‍ ഓഫീസിനു സമീപത്ത് ആക്രമണം. ആക്രമികളുടെ കുത്തേറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആക്രമത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമീപത്തെ മെട്രോ സ്‌റ്റേഷനുകളും അഞ്ച് സ്‌കൂളുകളും കുറച്ചു മണിക്കൂര്‍ നേരത്തേക്ക് അടയ്ക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്ന സ്ഥലത്തു നിന്നും ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്.
ഫ്രഞ്ച് മീഡിയകളുടെ റിപ്പോര്‍ട്ട് പ്രകാരം പിടിക്കപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താന്‍ പൗരനും ഒരാള്‍ അള്‍ജീയന്‍ സ്വദേശിയുമാണ്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഫ്രാന്‍സ് പ്രധാനമന്ത്രി ജീന്‍ കാസ്‌ടെക്‌സ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ വിവര പ്രകാരം പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
പാരീസിലെ ഒരു ടി.വി നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് പരിക്കു പറ്റിയ രണ്ടു പേരും. ഷാര്‍ലെ ഹെബ്ദോയുടെ മുന്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ബൊളിവര്‍ഡ് റിച്ചാര്‍ഡ് ലെനോയിര്‍ തെരുവിനടുത്താണ് ഇവരുടെ കമ്പനി. ഇതിനടുത്തായാണ് 2015 ല്‍ ഷാര്‍ലെ ഹെബ്ദോ ഓഫീസിലേക്ക് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 പേരുടെ ചുവര്‍ ചിത്രം സ്ഥാപിച്ചിരിക്കുന്നത്.
അന്നത്തെ ആക്രമണത്തിനു ശേഷം ഷാര്‍ലെ ഹെബ്ദോ മാഗസിന്‍ ഓഫീസ് ഇവിടെ നിന്നും മാറ്റി രഹസ്യമായ ഒരിടത്തേക്ക് മാറ്റിയിരുന്നു.
പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ 2015 ജനുവരി ഏഴിന് മാഗസിന്റെ ഓഫീസില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് ജീവനക്കാരുള്‍പ്പെടെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. .അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ തയ്യാറാക്കിയതിന്റെ പ്രതികാരമാണിതെന്നാണ് ഇവര്‍ പറഞ്ഞത്. ആക്രമണം നടത്തിയ സെയ്ദ്, ഷരീഫ് എന്നീ സഹോരങ്ങളായ പ്രതികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘര്‍ഷത്തില്‍ 17 പേര്‍ കൂടി കൊല്ലപ്പെട്ടു. നഗരത്തിലെ ജൂതരുടെ ഒരു സൂപ്പര്‍മാര്‍ക്കറ്റും ആക്രമിക്കപ്പെട്ടിരുന്നു.
ഈ ഭീകരാക്രമണത്തില്‍ സഹായിച്ച പ്രതികളുടെ വിചാരണ തുടങ്ങുന്നതിനോടനുബന്ധിച്ച് വിവാദ കാര്‍ട്ടൂണുകള്‍ പുനപ്രസിദ്ധീകരിക്കാന്‍ ഷാര്‍ലെ ഹെബ്ദൊ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 2 നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 14 പ്രതികളില്‍ 11 പേരുടെ വിചാരണയാണ് പാരീസ് കോടതിയില്‍ നടക്കുന്നത്. പ്രതികളില്‍ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നവംബര്‍ വരെ വിചാരണ തുടരുമെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Paris attack: Two people stabbed near former Charlie Hebdo office