|

മധുവിന്റെ കൊലപാതകം അടിസ്ഥാനമാക്കി ഷോര്‍ട്ട് ഫിലിം; ജോജു ജോര്‍ജിന്റെ മകന്‍ നായകനാകുന്ന 'പരിപ്പ്' റിലീസായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ജോജു ജോര്‍ജിന്റെ മകന്‍ ഇവാന്‍ ജോര്‍ജിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ഷോര്‍ട്ട് ഫിലിം ‘പരിപ്പ്’ റിലീസായി. അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തെ ചുറ്റി പറ്റിയാണ് ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. അലി എന്ന കഥാപാത്രമായാണ് ഇവാന്‍ ചിത്രത്തിലെത്തിയിരിക്കുന്നത്.

സാമൂഹിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഈ ഹ്രസ്വചിത്രം ഒ.എന്‍.വിയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരം കൂടിയാണ്. കവിതയുടെ ആലാപനത്തിലൂടെ ജോജുവിന്റെ മകള്‍ സാറ റോസ് ജോസഫും സിനിമയുടെ പിന്നണിയില്‍ ഉണ്ട്.

സിജു എസ്. ബാവയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. അപ്പു പാത്തു പാപ്പു എന്ന യൂട്യൂബ് ചാനലിലാണ് പരിപ്പ് റിലീസ് ചെയ്തിരിക്കുന്നത്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ചിത്രം നിര്‍മിച്ചത്.

പൂര്‍ണമായും ഐഫോണിലാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത്. ബിലു ടോം മാത്യുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

സംഗീത സംവിധാനം സജു ശ്രീനിവാസും എഡിറ്റിംഗ് വിനീത് പല്ലക്കാട്ടും കലാ സംവിധാനം ജയകൃഷ്ണനും നിര്‍വഹിച്ചു. ശബ്ദമിശ്രണം-അരുണ്‍ വര്‍ക്കി.


Content Highlight: parippu short film released starring Jojo George’s son