പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റില്‍ നിന്നും ലോറികള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം ആരംഭിച്ചു
Kerala
പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റില്‍ നിന്നും ലോറികള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2013, 10:17 am

[]കൊല്ലം: ചര്‍ച്ച പരാജയമായതോടെ പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരെ സര്‍ക്കാര്‍ എസ്മ പ്രയോഗിച്ചു തുടങ്ങി.

ഇന്നലെ തന്നെ പാരിപ്പളളിയിലെ പ്ലാന്റില്‍ നിന്ന് മോട്ടോര്‍ വാഹനവകുപ്പ് പൊലീസിന്റെ സഹായത്തോടെ ലോറികള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം ആരംഭിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് എസ്മ നിലവില്‍ വന്നത്. പാരിപ്പള്ളി പ്ലാന്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ ഒന്‍പത് തവണ സര്‍ക്കാരും സമരക്കാരും ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സമരത്തെ തുടര്‍ന്ന് അഞ്ചുജില്ലകളില്‍ പാചകവാതകക്ഷാമം രൂക്ഷമായ സാഹചര്യമായിരുന്നു.

ബോണസ് ആവശ്യപ്പെട്ടാണ് പാരിപ്പള്ളി പ്ലാന്റിലെ തൊഴിലാളികള്‍ സമരം നടത്തിയത്. ശമ്പളം അഡ്വാന്‍സ് നല്‍കിയാല്‍ പിടിച്ചെടുക്കുന്ന ട്രക്കുകള്‍ ഓടിക്കാന്‍ തയ്യാറാണെന്ന് തൊഴിലാളികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിന് കരാറുകാരും ഐ.ഒ.സി അധികൃതരും തയ്യാറാവാഞ്ഞതോടെ പിടിച്ചെടുക്കുന്ന ട്രക്കുകള്‍ ഓടിക്കില്ലെന്ന് തൊഴിലാളികള്‍ നിലപാടെടുക്കുകയായിരുന്നു.

ഇതോടെ എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള ഡ്രൈവര്‍മാരെ എത്തിച്ച് സര്‍ക്കാര്‍ ട്രക്കുകള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം ആരംഭിക്കുകയായിരുന്നു. അവശ്യസര്‍വ്വീസിനു തടസം നിന്ന ട്രക്ക് ഉടമകളെ അറസ്റ്റു ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.