| Thursday, 24th August 2017, 10:49 am

പാരിപ്പള്ളിയില്‍ കറുത്ത ഉടുപ്പ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ; നടപടി ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധമെന്ന് തെറ്റിദ്ധരിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ കറുത്ത ഉടുപ്പ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും നാലുമണിക്കൂറോളം സ്‌റ്റേഷനില്‍ പിടിച്ചുവെച്ചതായും പരാതി.

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കറുത്ത ഉടുപ്പ് ധരിച്ചതെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ നടപടി.

ഇന്നലെ രാവിലെ പത്ത് മണിയോടെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചിരുന്നു.

ഇതിനിടെ കറുത്ത ഷര്‍ട്ട് ധരിച്ച് ഇവര്‍ക്കരികിലൂടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികളേയും പൊലീസ് പിടികൂടിയത്.


Dont Miss ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്റെ കൊലപാതകം ആസൂത്രിതമെന്ന നിഗമനത്തില്‍ പൊലീസ്; കൊലപാതകം രാവിലെ നടക്കാനിറങ്ങിയപ്പോള്‍


വിദ്യാര്‍ഥി ധരിച്ചിരുന്നത് കറുത്ത ഉടുപ്പാണെന്നും മന്ത്രിയെ ഉടുപ്പെടുത്ത് വീശി കാണിക്കുമെന്നും പറഞ്ഞാണ് പോലീസ് വിദ്യാര്‍ഥിയെ പിടികൂടിയത്. ട്യൂഷന്‍ കഴിഞ്ഞ് വരുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടും പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അതിനിടെ ശൈലജയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ കസ്റ്റഡിയിലായവരെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയിരിക്കുന്ന മൂന്ന് വിദ്യാര്‍ഥികളെ കണ്ട് കാര്യമന്വേഷിക്കുകയായിരുന്നു. മന്ത്രിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങിയതാണെന്ന് പൊലീസ് വിശദീകരിച്ചതോടെ ഇവര്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടത്തല്ലെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യക്തമാക്കി.

ഉടന്‍ തന്നെ അബദ്ധം മനസിലായ പൊലീസ് വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസിന്റെ നടപടിക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് കുട്ടികളുടെ ബന്ധുക്കള്‍.

Latest Stories

We use cookies to give you the best possible experience. Learn more