നമ്മുടെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമായി ഒരു തുണ്ട് ഭൂമിയോ, വാസയോഗ്യമായ പാര്‍പ്പിടമോ ഇല്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ചേരികളിലും പാതയോരങ്ങളിലും ആറ്റ് പുറമ്പോക്കുകളിലും കോളനികളിലുമായി ജീവിതം തള്ളിനീക്കുന്നത്.
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് പുറത്ത് വിട്ട കണക്കുകളനുസരിച്ച് നമ്മുടെ സംസ്ഥാനത്ത് 19 നഗരങ്ങളിലായി 2,40000 കുടുംബങ്ങളിലെ 12 ലക്ഷത്തോളം ജനങ്ങള്‍ പാര്‍പ്പിട രഹിതരാണ്.
2001 മുതല്‍ 2011 വരെയുള്ള 10 വര്‍ഷ കാലയളവില്‍ നഗരങ്ങളിലെ പാര്‍പ്പിട രഹിതരുടെ എണ്ണം 27% വര്‍ദ്ധിച്ചിരിക്കയാണ്. എന്നാല്‍ ഗ്രാമീണ മേഖലയിലാകട്ടെ 40000 ത്തോളം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും രണ്ടു് സെന്റ്, നാല് സെന്റ്, സെറ്റില്‍മെന്റ് കോളനികളിലും പുറംമ്പോക്കുകളിലും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്നത് വാസയോഗ്യമായ പാര്‍പ്പിടങ്ങളിലല്ല. കാര്‍ഷികമേഖലയിലെ ഉത്പാദന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഈ ജനവിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാനാവശ്യമായ ഭൂമിയോ വാസയോഗ്യമായ പാര്‍പ്പിടങ്ങളോ ഇല്ല.
പെരുകി കൊണ്ടിരിക്കുന്ന ഭൂരാഹിത്യവും പാര്‍പ്പിട രാഹിത്യവും നമ്മുടെ രാജ്യത്തിലെ നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക ക്രമങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളാണ്. ജീര്‍ണ്ണിച്ച ഭൂബന്ധങ്ങളും,കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിച്ചേല്പിക്കുന്ന ജന വിരുദ്ധമായ’ നിയോലിബറല്‍ നയങ്ങളും കാരണം പാര്‍ശ്വവല്‍കൃതരാവുന്ന ജനങ്ങള്‍ അതിജീവനത്തിനായി നഗരങ്ങളെ കൂടുതല്‍ കൂടുതലായി ആശ്രയിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു.
സാമ്പത്തിക വ്യാവസായിക നയങ്ങളുടെ പാപ്പരത്തം മൂലം നാമമാത്രമായി ചുരുങ്ങി കൊണ്ടിരിക്കുന്ന തൊഴില്‍ സാധ്യതകളും കോര്‍പ്പറേറ്റുകളുടെ മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴില്‍ സുരക്ഷിതത്വവും പാര്‍ശ്വവല്‍കൃതമായ ഈ ജനവിഭാഗങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു.
പ്രായപൂര്‍ത്തിയായ നാലും അഞ്ചും അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ പോലും ഒറ്റമുറി വീടിനെ ആശ്രയിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു.വാടകക്ക് താമസിക്കേണ്ടി വരുന്ന പാര്‍പ്പിട രഹിത കുടുംബങ്ങള്‍ നഗരപ്രാന്തങ്ങളില്‍ പോലും ഒറ്റമുറി കൂരകള്‍ക്ക് 3000 രൂപക്ക് മേല്‍ മാസവാടക കൊടുക്കേണ്ടി വരുന്നു.നഗരത്തിന്റെ പിന്നാം പുറങ്ങളില്‍ അടിഞ്ഞുകൂടേണ്ടി വരുന്ന ഇവരുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും മുന്‍സിപ്പല്‍ – കോര്‍പ്പറേഷന്‍ ഭരണാധികാരികളുടേയോ, മറ്റ് ഭരണ സംവിധാനങ്ങളുടേയോ അജണ്ടയില്‍ സ്ഥാനം പിടിക്കാറില്ല.
വെള്ളത്തിന്റേയും വൈദ്യുതിയുടേയും പാചകഗ്യാസിന്റേയും ,കുട്ടികളുടെ വിദ്യഭ്യാസത്തിന്റെയും ചെലവുകള്‍ക്ക് പുറമെ ഭക്ഷണത്തിന്റേയും ചികിത്സ ചെലവിന്റെ കണക്കുകള്‍ കൂടിയാവുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാ പാടുപെടുന്ന മനുഷ്യരുടെ ‘നരകജീവിതത്തിന്റെ,’ യഥാര്‍ത്ഥ ചിത്രം ലഭിക്കും.
എന്നാല്‍ ഗ്രാമീണ മേഖലയിലെന്ന പോലെ ഭൂമിയടക്കമുള്ള സമ്പത്ത് ഒര് പിടി സമ്പന്നരില്‍ മാത്രം നഗരങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നു.നഗര സമ്പത്ത് കയ്യാളുന്നവരുടെ ‘പള പളപ്പാര്‍ന്ന ‘ആര്‍ഭാട ജീവിതം നഗരജീവിതത്തിന്റെ മുഖമുദ്രയാകുകയും അധീശവര്‍ഗ്ഗങ്ങള്‍ക്ക് അധികാരം അരക്കിട്ടുറപ്പിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു.
കുമിഞ്ഞുകൂടുന്ന നഗര സമ്പത്തും ആള്‍ പാര്‍പ്പില്ലാത്ത വീടുകളും
നമ്മുടെസംസ്ഥാനത്ത് ആള്‍പ്പാര്‍പ്പില്ലാതെ, ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം 12 ലക്ഷത്തിന് അടുത്തു വരും. സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ട കണക്കുകളില്‍ കാണുന്നത് ഒഴിഞ്ഞുകിടക്കുന്ന, 11,84147 വീടുകളില്‍ 6 മുറികള്‍ വീതമുള്ള 57000 വീടുകളും 5 മുറികള്‍ വീതമുള്ള 74000 വീടുകളും നാലോ അതില്‍ കുറഞ്ഞ മുറികളോ ഉളള 2 ലക്ഷം വീടുകളും ഉണ്ടെന്നാണ്.
കുമിഞ്ഞുകൂടിയ നഗര സമ്പത്തില്‍ പിടിമുറുക്കിയ സമ്പന്ന ശക്തികളുടെ കൈകളിലെ സുരക്ഷിത സാമ്പാദ്യമായി പതിനൊന്നര ലക്ഷത്തിലധികം വരുന്ന ഈ ആള്‍പാര്‍പ്പില്ലാ വീടുകള്‍ മാറിക്കഴിഞ്ഞു. അഴിമതി അടക്കം, സാമൂഹ്യ വിരുദ്ധതയിലൂടെയുള്ള അവിഹിത സമ്പാദ്യങ്ങളുടെ നിക്ഷേപങ്ങളായും, സാധാരണക്കാരന് എന്നും അപ്രാപ്യമാകുന്ന മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ കുത്തക അവകാശമാക്കി മാറ്റിയ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും നിര്‍മ്മാണ കുത്തകകളുടേയും പണ നിക്ഷേപ ബസമാഹരണ ഉപാധിയായും ഇത്തരം കെട്ടിട നിര്‍മ്മാണങ്ങളും ആള്‍പാര്‍പ്പില്ല വീടുകളും മാറിക്കഴിഞ്ഞു.
എന്നാല്‍ അതേ സമയം ഒരു ജനാധിപത്യ സമൂഹത്തിലെ നഗര സമ്പത്തില്‍ ന്യായമായും അവകാശമുള്ള ലക്ഷക്കണക്കായ മനുഷ്യര്‍ക്ക്, നഗരങ്ങളെ നഗരങ്ങളാക്കി മാറ്റിയവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ലാതെ കട വരാന്തകളിലും ചോര്‍ന്നൊലിക്കുന്ന കൂരകളിലും ചേരികളിലും ദുരിത ജീവിതം തള്ളിനീക്കേണ്ടി വരുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്. കാലവര്‍ഷക്കെടുതികളില്‍ വാസസ്ഥലങ്ങള്‍ ഒലിച്ചുപോവുകയോ ഒഴിഞ്ഞു പോകയോ ചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇവര്‍ വര്‍ഷാവര്‍ഷം ഇടം തേടി, പൊതു സമൂഹത്തിന്റെ കാരുണ്യത്തിനായി കാത്തിരിക്കേണ്ടി വരുന്നു.
വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ ആരുടേയും ഔദാര്യമല്ലന്നും ഒരു ജനാധിപത്യ സമൂഹത്തിലെ മനുഷ്യരുടെ അവകാശമാണന്നും ഉള്ള തിരിച്ചറിവ് നാം നേടേണ്ടതുണ്ട്. ശുദ്ധവായുവും വെളിച്ചവും ലഭ്യമാകുന്ന വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ക്ക് അന്താരാഷ്ട തലത്തില്‍ തന്നെ മാനദണ്ഡങ്ങള്‍ മുന്നോട്ട് വെക്കപ്പെടുന്നതും ഇത് കൊണ്ട് തന്നെയാണ്. ഈ തിരിച്ചറിവ് നേടുന്നതിലൂടെ മാത്രമെ പാര്‍പ്പിടരഹിതരുടെ വാസയോഗ്യമായ പാര്‍പ്പിടമെന്ന ആവശ്യത്തെ എന്നും അവഗണിച്ചു തള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തെ ശക്തിപ്പെടുത്താന്‍ കഴിയൂ.ലക്ഷക്കണക്കായ പാര്‍പ്പിട രഹിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രാപ്തമായ ഒരു പാര്‍പ്പിട അവകാശ പ്രസ്ഥാനം നമുക്ക്‌കെട്ടിപ്പെടുക്കാന്‍ കഴിയേണ്ടതുണ്ട്.
ഭൂമി അടക്കമുള്ള നഗര സമ്പത്തിലും വിഭവങ്ങളിലും സാമൂഹ്യനീതിയിലധിഷ്ഠിതമായ തുല്യതയും, സമ്പത്തിന്റെ നീതിപൂര്‍വ്വകമായ പുനര്‍വിതരണവും ലക്ഷ്യം വെക്കുന്ന ആസൂത്രണ പദ്ധതികള്‍ മുന്നോട്ട് വെക്കാന്‍ നഗരസഭകളടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്.
വികസനത്തിന്റെ പേര് പറഞ്ഞു കോര്‍പറേറ്റുകള്‍ക്കും മാഫിയകള്‍ക്കും യഥേഷ്ടം സൗജന്യമായി ഭൂമി കൈമാറുന്ന സര്‍ക്കാര്‍ നയങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ കോര്‍പ്പറേറ്റുകളുടെ മൂലധന താല്പര്യം സംരക്ഷിക്കാന്‍ പാര്‍ശ്വവല്‍കൃതരായ ജനങ്ങളെ നിഷ്ഠൂരമായി കുടിയിറക്കുന്ന സര്‍ക്കാര്‍ നയങ്ങളെയും നമുക്ക് ചെറുത്ത് തോല്പിക്കേണ്ടതുണ്ട്.
നഗരങ്ങളില്‍ താമസിക്കാന്‍ ആളില്ലാതെ പണി തീര്‍ത്ത മുഴുവന്‍ വീടുകളും കണ്ടു കെട്ടാനും കയറി കിടക്കാന്‍ ഇടമില്ലാത്ത പാര്‍പ്പിട രഹിതര്‍ക്ക് വേണ്ടിയുള്ള വാസസ്ഥലമായി അത് ഉപയോഗിക്കാനും കഴിയുന്ന നിയമനിര്‍മ്മാണങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. ഇന്ന് നിലനില്ക്കുന്ന ഭൂപരിധി പുനര്‍നിര്‍ണ്ണയിക്കുകയും നഗരങ്ങളില്‍ കൈവശം വെക്കാന്‍ കഴിയുന്ന ഭൂമിയുടെ പരിധി കുറക്കുകയും വേണം. പരിധിയില്‍ കൂടുതലുള്ള ഭുമി ഏറ്റെടുത്ത് വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ പണിതീര്‍ത്ത് പാര്‍പ്പിട രഹിതര്‍ക്കിടയില്‍ വിതരണം ചെയ്യണം.ഇതേ പോലെ ഒഴിഞ്ഞുകിടക്കുന്ന, സര്‍ക്കാര്‍ ഭൂമിയും പര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗപ്പെടുത്തണം.
അവിഹിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പോലും കാറ്റില്‍ പറത്തി കൊണ്ടുള്ള വാസസ്ഥല നിര്‍മ്മാണങ്ങള്‍ നിരോധിക്കണം. പ്രകൃതി വിഭവങ്ങളടങ്ങുന്ന നിര്‍മ്മാണ വസ്തുക്കളുടെ വിതരണത്തില്‍ കര്‍ശനമായി തുല്യത പാലിക്കാന്‍ കഴിയണം.കുടിവെള്ളവും വൈദ്യുതിയും പൂര്‍ണ്ണമായും സൗജന്യമായി വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
1978 വരെ സ്വത്തിലുള്ള പൗരന്റെ അവകാശം മൗലികാവകാശപട്ടികയിലായിരുന്നു.44ാം ഭരണഘടനാ ഭേദഗതിയിലൂടെ അത് നിയമപരമായ അവകാശമായി മാറി.. അഥവ സ്വത്തിലുള്ള പൗരന്റെ അവകാശം ഇപ്പൊഴും ഭരണഘടനാപരമാണ്.നഗര സ്വത്തിലെ പങ്കാളിത്തത്തിനും പാര്‍പ്പിട അവകാശത്തിനും വേണ്ടിയുള്ള നമ്മുടെ ശബ്ദം ഭരണഘടനാപരമായ് പോലും സാധൂകരിക്കപ്പെടുകയാണ്
ജനവിരുദ്ധമായ പാര്‍പ്പിട പദ്ധതികള്‍ നമുക്ക് വേണ്ട
മുന്നോട്ട് വെച്ച ഒരോ പദ്ധതികളും രൂക്ഷമായി കൊണ്ടിരിക്കുന്ന പാര്‍പ്പിട രാഹിത്യത്തിന് പരിഹാരം കാണുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു കൊണ്ടിരുന്ന അനുഭവമാണ് നമുക്ക് ഉള്ളത് ഏറ്റവും ഒടുവിലായി കൊണ്ടാടപ്പെടുന്ന ലൈഫ് പാര്‍പ്പിട പദ്ധതിയും മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഒരു ഇടുങ്ങിയ ഹാള്‍, ഒര് ഇടുങ്ങിയ മുറി ഒര് അടുക്കള 350 സ്‌ക്വയര്‍ ഫീറ്റില്‍ പണി തീര്‍ക്കുന്ന അഞ്ച് അംഗങ്ങളടങ്ങുന്ന ഒരുകുടുബത്തിനുള്ള പാര്‍പ്പിടം’ ഇതാണ് ലൈഫ് പാര്‍പ്പിട പദ്ധതി വിഭാവനം ചെയ്യുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തരം അഞ്ചോ പത്തോ വീടുകളടങ്ങുന്ന ഒരു ഫ്‌ളാറ്റ്,15 വര്‍ഷത്തേക്ക് ഒരു കുടുംബത്തിനും സ്വന്തമാക്കാന്‍ ആവാത്ത വിധം പണി തീര്‍ത്ത് വിതരണം ചെയ്യുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. 472000 കുടുംബങ്ങളുടെ പാര്‍പ്പിട പ്രശ്‌നം 5 വര്‍ഷം കൊണ്ട് പരിഹരിക്കാമെന്നാണ് പറയുന്നത്. കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടറകളില്‍ മനുഷ്യനെ തളച്ചിടുന്ന ലൈഫ് എന്ന ഫ്‌ളാറ്റ് പദ്ധതി മൂന്ന് സെന്റഭൂമിയിലെ പാര്‍പ്പിട പദ്ധതിയേക്കാള്‍ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്
.
പാര്‍പ്പിടം അവകാശമാണ് ഔദാര്യമല്ല
‘ഭൂബന്ധങ്ങളിലെ ജനാധിപത്യത്തവല്‍ക്കരണത്തെ ലക്ഷ്യം വെക്കാത്ത ഭൂപരിഷ്‌കരണ നടപടികള്‍ പുതിയ തരത്തിലുള്ള ഭൂബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ഭൂ കേന്ദ്രീകരണം ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. ഇതാകട്ടെ സാമ്രാജ്യത്വ- മുതലാളിത്ത കാര്‍ഷിക നയങ്ങളെ ശക്തിപ്പെടുത്തുകയും അതുവഴി വികൃതമായ കാര്‍ഷിക മുതലാളിത്തത്തെ അരക്കിട്ടുറപ്പിക്കകയും ചെയ്തു.
ബഹു ഭൂരിപക്ഷം വരുന്ന മണ്ണിന്റെ മക്കള്‍ ഭൂരഹിത കര്‍ഷക തൊഴിലാളികളായി പരിണമിച്ചു. ഭൂരഹിത്യത്തെ പെരുപ്പിച്ച ഭൂപരിഷ്‌കരണം മണ്ണില്‍ പണിയെടുക്കുന്നവന് കൃഷിഭൂമിയില്‍ ഉടമസ്ഥത ലഭ്യമാക്കിയില്ല . നാമമാത്ര ഭൂമിയിലെ കുടികിടപ്പാകട്ടെ ഒറ്റ തലമുറ പിന്നിടുമ്പോഴേക്കും പാര്‍പ്പിട രാഹിത്യത്തെ അഭൂതപൂര്‍വ്വമാക്കി . തുടര്‍ന്ന് ഇത് പരിഹരിക്കാനായി നടപ്പാക്കിയ ലക്ഷം വീട് പദ്ധതി എത്രമാത്രം മനുഷ്യത്വ രഹിതമായിരുന്നു എന്നു നമുക്കറിയാം.
ഒരു വീടിനെ രണ്ടായി ഭാഗിച്ച് രണ്ടു കുടുബങ്ങളെ ഇരു പുറങ്ങളിലുമായി താമസിപ്പിക്കുന്നതായിരുന്നു ലക്ഷം വീട് പദ്ധതി. വളരെ കുറഞ്ഞ വിസ്തൃതിയുള്ള ഇടുങ്ങിയ ഭൂമിയില്‍ അത്തരം ഇരുപതോളം വീടുകള്‍. തുടര്‍ന്ന് വന്ന 2 സെന്റ് 4 സെന്റ് 3 സെന്റ് കോളനി സംവിധാനങ്ങളും പാര്‍പ്പിട പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുകയും ഒന്നോ രണ്ടോ തലമുറകള്‍ പിന്നിടുമ്പോഴേക്കും വീണ്ടും വലിയൊരു വിഭാഗം ജനങ്ങളെ വാസയോഗ്യമായ പാര്‍പ്പിടമില്ലാത്തവരാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. കേരളീയ സമൂഹത്തില്‍ ശക്തമായി നിലനിന്നിരുന്ന ജാതിമേല്‍ക്കോയ്മയും അസ്പ്രശ്യതയും ജാതിക്കോളനികളുടെ രൂപീകരണത്തിനും നിലനില്‍പിനും ഊടും പാവുമായി.
സമഗ്രമായ ഭൂപരിഷ്‌കരണം ലക്ഷ്യം വെക്കുന്ന,വിദേശതോട്ടം കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ച് പിടിച്ച് ഭൂബന്ധങ്ങളുടെ ജനാധിപത്യവരക്കണത്തിലൂടെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നടക്കുന്ന പ്രക്ഷോഭങ്ങളും നഗരങ്ങളില്‍ പാര്‍പ്പിട അവകാശത്തിനായി നടക്കുന്ന സമരങ്ങളും പരസ്പര ബന്ധിതങ്ങളാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള സമരങ്ങളില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ് ഭൂപ്രശ്‌നത്തിന്റേയും പാര്‍പ്പിട പ്രശ്‌നത്തിന്റേയും ശാസ്ത്രീയ പരിഹാരത്തിന് വേണ്ടി നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങള്‍.
ജാതിക്കോളനികള്‍ വിട്ട് കൃഷി ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടി സമരമുഖത്ത് അണിനിരക്കുന്ന ദലിത്-ആദിവാസി ജന വിഭാഗങ്ങളോടും , ഭൂരഹിതരായ കര്‍ഷക-കര്‍ഷക തൊഴിലാളികളോടും, അടിമ സമാനമായി തോട്ടങ്ങളില്‍ പണിയെടുക്കുന്ന തോട്ടം തൊഴിലാളികളോടും വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ എന്ന സ്വപനം നെഞ്ചിലേറ്റി തീരപ്രദേശങ്ങളില്‍ ജീവിക്കുന്ന പാര്‍പ്പിട രഹിതരായ മത്സ്യതൊഴിലാളികളോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നഗരങ്ങളിലെ 12 ലക്ഷത്തോളം വരുന്ന പാര്‍പ്പിട രഹിതരും വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ എന്ന ജനാധിപത്യ അവകാശത്തിന് വേണ്ടി അതിശക്തമായ സമരത്തിന് തയ്യാറാകേണ്ടതുണ്ട്.