| Wednesday, 31st May 2017, 11:04 am

' നാണമില്ലേ ക്യാമറയ്ക്ക് മുന്നിലിരുന്ന് കള്ളം പറയാന്‍'; പാവപ്പെട്ട വീട്ടില്‍ ജനിച്ച് കഷ്ടപ്പെട്ടാണ് വളര്‍ന്നതെന്ന ബോളിവുഡ് നടി പരിനീതിയുടെ കള്ളത്തരം പൊളിച്ച് സഹപാഠി, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തങ്ങളുടെ ഭൂതകാല യാതനകളെ കുറിച്ച് സിനിമാ താരങ്ങള്‍ പലരും പറയുന്നത് നാം കേട്ടിട്ടുണ്ട്. ഇന്ന് പകരം വയ്ക്കാനില്ലാത്ത താരങ്ങളായി മാറിയ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും രജനി കാന്തിനും മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊക്കെ ചാന്‍സ് ചോദിച്ച് അലഞ്ഞതിന്റെ കഥ പറയാനുണ്ടാകും. കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെ കുറിച്ചുള്ള ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വാക്കുകളാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം.

പരിനീതിയുടെ കഷ്ടപ്പാടിന്റെ കഥയല്ല മറിച്ച് താരത്തിന്റെ തള്ള് പിടിക്കപ്പെട്ടതാണ് സംഗതി. താനൊരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതാണെന്നും ധാരാളം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നുമുള്ള പരിനീതിയുടെ കള്ളത്തരം കയ്യോടെ പിടിച്ചത് സഹപാഠിയായിരുന്ന യുവതിയാണ്.


Also Read: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


അടുത്തിടെ നടന്‍ അക്ഷയ് കുമാറിനൊപ്പം പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു പരിനീതി തന്റെ സെന്റി കഥയിറക്കിയത്. ” അംബാലയിലെ ചെറിയൊരു പട്ടണത്തിലാണഅ ഞാന്‍ വളര്‍ന്നത്. ചെറുപ്പത്തില്‍ ധാരാളം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. വളരെ സാധാരണകുടുംബമായിരുന്നു എന്റേത്. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. കാറുണ്ടായിരുന്നില്ല. സ്‌കൂളില്‍ പോയിരുന്നത് സൈക്കിളിലായിരുന്നു. വഴിയില്‍ പൂവാല ശല്യവുമുണ്ടായിരുന്നു. ശല്യം കൂടുമ്പോള്‍ ചിലപ്പോള്‍ അച്ഛന്‍ കൂടെ വരുമായിരുന്നു.”

പരിനീതിയുടെ വീഡിയോ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെന്റാവുകയും താരത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് അംബാലയില്‍ പരിനീതിയ്‌ക്കൊപ്പം ജീസസ് ആന്റ് മേരി കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ച കാനു ഗുപ്ത ഫെയ്‌സ്ബുക്കിലൂടെ താരത്തിനെതിരെ രംഗത്തു വരുന്നത്.

” നാണമില്ലേ പരിനീതി ചോപ്രേ… നല്ല സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നും വന്നിട്ടും ഇങ്ങനെ ക്യാമറയ്ക്ക് മുന്നിലിരുന്ന് കള്ളം പറയാന്‍. പണമില്ല, കാറില്ല എന്നൊക്കെ സെലിബ്രിറ്റികള്‍ കഥ മെനയാറുണ്ട്. എന്നാല്‍ ഒരേ സ്‌കൂളില്‍ പഠിച്ചിരുന്നതിനാല്‍ എനിക്കറിയാം പരിനീതിയുടെ അച്ഛന് കാറുണ്ടായിരുന്നു എന്ന്. സൈക്കിളില്‍ സ്‌കൂളില്‍ പോകുന്നത് അന്ന് ട്രെന്റായിരുന്നു. കാരണം എല്ലാവര്‍ക്കും സൈക്കിളുണ്ടായിരുന്നില്ല. കൂടെ പഠിച്ച എല്ലാവര്‍ക്കും മനസിലാകും ഞാന്‍ പറയുന്നത് ശരിയാണെന്ന്.”

കാനു ഗുപ്തയുടെ പോസ്റ്റ് വൈറലായതോടെ മറുപടിയുമായി പരിനീതി രംഗത്തെത്തി. പെണ്‍കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അനുഭവിക്കുന്ന യാതനകളെ കുറിച്ചായിരുന്നു താന്‍ പറഞ്ഞത് എന്നായിരുന്നു പരിനീതിയുടെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു പരിനീതിയുടെ മറുപടി.


Don”t Miss: പ്രഭാസൊന്നും ഒന്നുമല്ല; ‘സച്ചിന്‍’ സിനിമയ്ക്കായി ടെണ്ടുല്‍ക്കര്‍ വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം


” അംബാലയിലെ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്കോ സഹോദരന്മാര്‍ക്കോ കാറില്‍ യാത്ര ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഞങ്ങളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ ഡ്രൈവറും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സഹോദരന്മാര് ബസിലും ഞാന്‍ സൈക്കിളിലുമായിരുന്നു പോയിരുന്നത്. ഞാന്‍ സുരക്ഷിതയായി സ്‌കൂളിലെത്തുന്നുണ്ടോ എന്നറിയാന്‍ അച്ഛന്‍ പിന്നാലെ വരുമായിരുന്നു. ധൈര്യം നേടാനായിരുന്നു എന്നെ സൈക്കിളില്‍ സ്‌കൂളില്‍ പറഞ്ഞു വിട്ടിരുന്നത്.” എന്നായിരുന്നു പരിനീതിയുടെ ട്വീറ്റ്.

ബോളിവുഡിലും ഹോളിവുഡിലും തിളങ്ങി നില്‍ക്കുന്ന പ്രിയങ്ക ചോപ്രയുടെ കസിനാണ് പരിനീതി. മേരി പ്യാരി ബിന്ദുവാണ് പരിനീതിയുടെ പുതുതായി പുറത്തിറങ്ങാനുള്ള ചിത്രം.

We use cookies to give you the best possible experience. Learn more