ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും ബോളിവുഡ് താരവുമായ പരേഷ് റാവല്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരായ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ആര്‍മി ജീപ്പിനു മുന്നില്‍ മനുഷ്യകവചമായി കെട്ടിവെക്കേണ്ടത് അരുന്ധതിയെയാണെന്ന ട്വീറ്റാണ് പരേഷ് പിന്‍വലിച്ചത്. പരാമര്‍ശത്തിന് ആധാരമായ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പരേഷ് ട്വീറ്റ് ഡിലീറ്റ് ചെയ്ത് തലയൂരിയത്.
“ദ നാഷണലിസ്റ്റ്” എന്ന പേജില്‍ വന്ന വാര്‍ത്ത ചേര്‍ത്തു വച്ചായിരുന്നു പരേഷിന്റെ ട്വീറ്റ്. കശ്മീരിലെ ആസാദി പോരാട്ടങ്ങളെ നിശബ്ദമാക്കാന്‍ എന്ത്യയുടെ 70 ലക്ഷം സൈനികര്‍ക്ക് സാധിക്കില്ലെന്ന് ഒരു പാകിസ്ഥാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി പറഞ്ഞെന്നായിരുന്നു വാര്‍ത്ത.
സ്ഥിരമായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന പോസ്റ്റ്.ന്യൂസ്.കോം എന്ന സൈറ്റിലായിരുന്നു വാര്‍ത്ത വന്നത്. തീവ്ര വലതുപക്ഷ നിലപാടുകളുള്ളതാണ് ഈ പോര്‍ട്ടല്‍. ഈ മാസം 17 നും ഇതേ തലക്കെട്ടോടെ ഇവര്‍ വാര്‍ത്ത നല്‍കിയുരുന്നതായ് ഡെക്കാന്‍ ക്രോണിക്കിള്‍ പറയുന്നു.
” സ്വയം മാധ്യമ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയെന്നും വിളിക്കുന്ന ഈ സ്ത്രീ വര്‍ഷങ്ങളായി തീവ്രവാദികള്‍ക്കൊപ്പമാണ്. ഈയ്യിടെ പാക് പത്രമായ ദി ടൈംസ് ഓഫ് ഇസ്ലാമാബാദിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ നിലപാടുകളെ ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.” എന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.
പിന്നാലെ, ന്യൂസ് ലോണ്ടറി, റിപ്പബ്ലിക് ടിവി, ടിവി 18, ഫെയര്‍ ഒബ്‌സെര്‍വര്‍ തുടങ്ങിയവരും ഈ വാര്‍ത്ത നല്‍കി. എന്നാല്‍ പിന്നീട് വാര്‍ത്ത വ്യാജമാണെന്നും പ്രസിദ്ധീകരിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ ഫെയര്‍ ഒബ്‌സെര്‍വര്‍ രംഗത്തെത്തുകയായിരുന്നു.
താന്‍ ശ്രീനഗറില്‍ പോയിട്ട് നാളുകളായെന്നും ഇത്തരത്തിലൊരു പ്രസ്താവനയോ ഇന്റര്‍വ്യൂവോ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി റോയി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പരേഷ് റാവല്‍ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
പരേഷിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. തന്നെ വിമര്‍ശിച്ച ബി.ജെ.പി എം.പിയും സിനിമാതാരവുമായ പരേഷ് റാവലിന് മറുപടി പറയാതെ പറഞ്ഞ് അരുന്ധതി റോയിയും രംഗത്തെത്തിയിരുന്നു. തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയ എഴുത്തുകാരി പരോക്ഷമായിട്ടായിരുന്നു പരേഷ് റാവലിന് മറുപടി നല്‍കിയത്.
” ഞാനൊരു വാദം ഉന്നയിക്കുകയാണ്. അതില്‍ അഭിപ്രായ വ്യത്യസമുള്ളവരും യോജിപ്പുള്ളവരും ഉണ്ടാകും. നിങ്ങളുടെ എല്ലാ അഭിപ്രായങ്ങള്‍ക്കും എഴുന്നേറ്റ് നിന്ന് കയ്യടിക്കുമെന്ന് കരുതരുത്.” എന്നായിരുന്നു തന്റെ വിമര്‍ശനങ്ങള്‍ക്കുള്ള അരുന്ധതിയുടെ മറുപടി.
കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മനുഷ്യകവചമായി ജീപ്പില്‍ കെട്ടിയിടേണ്ടത് അരുന്ധതിയെ ആയിരുന്നു എന്ന പരേഷിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിരവധി പേരാണ് ബി.ജെ.പി എം.പിയ്ക്കെതിരെ രംഗത്തെത്തിയത്.