ന്യൂദല്‍ഹി: കശ്മീരില്‍ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ സൈന്യം ജീപ്പിനു മുമ്പില്‍ യുവാവിനു പകരം എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ കെട്ടിവെയ്ക്കണമായിരുന്നെന്ന് ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ പരേഷ് റാവല്‍. ട്വിറ്ററിലൂടെയാണ് റാവലിന്റെ അഭിപ്രായ പ്രകടനം.
“സൈന്യത്തിന്റെ ജീപ്പില്‍ കല്ലേറുകാരനെ കെട്ടിയിടുന്നതിനു പകരം അരുന്ധതി റോയിയെ കെട്ടൂ.” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ട്വീറ്റ് വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ അക്രമത്തിന് ആഹ്വാനം നല്‍കലാണിതെന്ന് ട്വിറ്ററില്‍ ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.
കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ജനക്കൂട്ടത്തിന്റെ കല്ലേറ് തടയുന്നതിനായി യുവാവിനെ സൈനിക ജീപ്പിനു മുമ്പില്‍ കെട്ടിവെച്ച സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറും സൈന്യവും ഈ സംഭവത്തെ ധീരമായ പ്രവൃത്തിയായാണ് വ്യാഖ്യാനിച്ചത്. ഇങ്ങനെ ചെയ്ത സൈനികന് പുരസ്‌കാരം നല്‍കണമെന്നുവരെ സൈന്യം അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരേഷ് റാവല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് അരുന്ധതി റായിയുടെ കാഴ്ചപ്പാടുകള്‍ അവരെ സംഘപരിവാറിന്റെ കണ്ണിലെ കരടാക്കിയിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ വിമര്‍ശക കൂടിയാണ് അവര്‍.