അബുദാബി: വിദ്യാഭ്യാസം നല്‍കേണ്ട പ്രായത്തില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാതിരിക്കുന്ന രക്ഷിതാക്കള്‍ക്ക് തടവു ശിക്ഷയോ, ചുരുങ്ങിയത് 5000 ദിര്‍ഹം പിഴയോ ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍.
വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അതില്‍ നിന്നും കുട്ടികളെ തടയാന്‍ ആര്‍ക്കും അവകാശമില്ല എന്ന വസ്തുത ഓര്‍മിപ്പിച്ചുകൊണ്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.
18 വയസ്സ് വരെയോ 12ാം ക്ലാസ് കഴിയുന്നതു വരെയോ കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്നാണ് യു.എ.ഇലെ ചട്ടം. 2016ലെ ഫെഡറല്‍ നിയമം 3ലെ ആര്‍ട്ടിക്കിള്‍ 31, 35, 60 എന്നിവയിലാണ് ഇക്കാര്യം പറയുന്നത്.
കുട്ടികളുടെ നിയമപരമായ അവകാശങ്ങളെ കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കെതിരെ നടക്കുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ക്കെതിരെയുള്ള നടപടികളെ കുറിച്ചും നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്. വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപങ്ങളില്‍ നിന്നടക്കം കുട്ടികള്‍ക്ക് സംരക്ഷണം നല്‍കും വിധമാണ് നിയമത്തിലെ വ്യവസ്ഥകള്‍ തയ്യാറാക്കിയിരിക്കുന്നത്.
കുട്ടിയെ ഉപേക്ഷിക്കുക, താമസ സൗകര്യം ഒരുക്കാതിരിക്കുക, സംരക്ഷണം നല്‍കാതിരിക്കുക, നിശ്ചിത പ്രായത്തില്‍ അകാരണമായി വിദ്യാഭ്യാസം നിഷേധിക്കുക തുടങ്ങിയവയ്ക്കെല്ലാം രക്ഷിതാവിനായിരിക്കും ഈ നിയമപ്രകാരം കുറ്റമുണ്ടാവുക. ഇത്തരം കുറ്റങ്ങള്‍ക്ക് തടവു ശിക്ഷയോ ചുരുങ്ങിയത് 5,000 ദിര്‍ഹമോ പിഴയായി ലഭിക്കും.