ന്യൂദല്‍ഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര നീക്കത്തെ പിന്തുണച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നുമുള്ള നിരന്തര സമ്മര്‍ദ്ദമാണ് പരീക്ഷ നടത്താനുള്ള തീരുമാനത്തിന് പിന്നില്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.ഡി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
’80 ശതമാനം വിദ്യാര്‍ഥികളും ജെ.ഇ.ഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പരീക്ഷയുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചത്’- അദ്ദേഹം പറഞ്ഞു.
‘എന്തുകൊണ്ട് പരീക്ഷ നടത്തുന്നില്ല എന്ന് ചോദിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍ക്കാരിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയാണ്. കുട്ടികള്‍ അവരുടെ ഭാവിയോര്‍ത്ത് ആവലാതിപ്പെടുന്നു. എത്രകാലം പഠിക്കാനായി കാത്തിരിക്കണമെന്നാണ് ഓരോ കുട്ടികളും ചോദിക്കുന്നത്’- മന്ത്രി പറഞ്ഞു.
അതേസമയം പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ പാലിക്കുമെന്നും കൊവിഡ് മാനദണ്ഡങ്ങളില്‍ മാത്രമേ പരീക്ഷ നടത്തുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കേന്ദ്രത്തിലും പ്രത്യേകം സജ്ജീകരിച്ച മുറികള്‍ ഏര്‍പ്പെടുത്തുമെന്നും സുഖമില്ലാത്ത വിദ്യാര്‍ഥികളെ മാറ്റിയിരുത്തി പരീക്ഷ എഴുതാനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷമേ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് പിടിമുറുക്കിയിരിക്കുന്ന സമയത്ത് ജെ.ഇ.ഇ നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ നടത്താനുദ്ദേശിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജെ.ഇ.ഇ നെറ്റ് പരീക്ഷകള്‍ നീട്ടിവെക്കുക എന്ന ആവശ്യവുമായി സാമൂഹ്യമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപയിനിംഗുകളും നടക്കുന്നുണ്ട്.
ആസ്സാം, കേരള, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ ഐ.ഐ.ടി, മെഡിക്കല്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരം മത്സര പരീക്ഷകള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും അറിയിച്ചിട്ടുണ്ട്.
ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന ക്യാംപയിങ്ങിന് പിന്തുണ അറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബെര്‍ഗും രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ഒട്ടും ശരിയല്ലെന്ന് ഗ്രേറ്റ തന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തു.
‘ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്ത് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളോട് ദേശീയമായി നടത്തപ്പെടുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ പറയുന്നത് അങ്ങേയറ്റം അന്യായമാണ്. മാത്രമല്ല, രാജ്യത്ത് നിരവധി പേരെ കടുത്ത വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. കൊവിഡിനിടയില്‍ നടത്താന്‍ പറയുന്ന ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന അവരുടെ ആവശ്യത്തിനൊപ്പമാണ് ഞാന്‍,’ ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക