കൊച്ചി: കലോത്സവമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ സംഘാടക പിഴവുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
കുട്ടികളുടെ കലാപ്രകടനത്തെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി. സംഘാടകപിഴവുമൂലം മത്സരത്തില്‍ പിന്നിലായി പോയെന്നാരോപിച്ച് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീല്‍ വീണ്ടും തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം.
കലോത്സവത്തിന്റെ സ്റ്റേജുകള്‍ കുറ്റമറ്റതായിരിക്കണം. മത്സരാര്‍ഥികളുടെ പ്രകടനത്തെ ബാധിക്കുന്ന ഒന്നും തന്നെ ഉണ്ടാകരുതെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ വ്യക്തമാക്കി.
ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കഴിവുള്ള പലര്‍ക്കും ഭാരിച്ച ചിലവുകള്‍ താങ്ങാന്‍ സാധിക്കാറില്ലെന്ന കാര്യം കൂടി അപ്പീലുകളുമായി എത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ മനസ്സിലാക്കണം,’ കോടതി നിരീക്ഷിച്ചു.
അതേസമയം, സ്റ്റേജില്‍ തുണി വീണുകിടന്നതിനാല്‍ സംഘനൃത്തത്തിന് തടസമുണ്ടായെന്ന് കാണിച്ചാണ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി അപ്പില്‍ കമ്മിറ്റി വീണ്ടും തള്ളുകയായിരുന്നു.
അപ്പീല്‍ തള്ളിയ ആദ്യ തീരുമാനം പുനപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ലെന്നാണ് ഡി.ഡി.ഇയുടെ വിലയിരുത്തല്‍.