| Sunday, 25th October 2020, 8:00 am

വാളയാര്‍ കേസ് പ്രതികളെ വെറുതെ വിട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം; നീതി തേടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും സമരത്തിലേക്ക്. ഇന്നുമുതല്‍ ഏഴു ദിവസം വീട്ടിനു മുന്നില്‍ സമരമിരിക്കുമെന്ന് കുടുംബം അറിയിച്ചു. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ട് ഒരു വര്‍ഷം കഴിയുന്ന സാഹചര്യത്തിലാണ് മാതാപിതാക്കള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. കോടതി മേല്‍നോട്ടത്തിലുള്ള പുനരന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്.

2019 ഒക്ടോബര്‍ 25നാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ പാലക്കാട് പോക്‌സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്നത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നും, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു.

കഴിഞ്ഞ ദിവസം കെ.പി.എം.എസ് നോതാവ് പുന്നല ശ്രീകുമാര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ പുന്നല ശ്രീകുമാറിനൊപ്പമാണ് ഇവര്‍ പോയിരുന്നത്. എന്നാല്‍ പുന്നല ശ്രീകുമാര്‍ തിരുവനന്തപുരത്തെത്തിച്ച് മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചുവെന്നും ഡി.വൈ.എസ്.പിയുടെ സ്ഥാനക്കയറ്റം തടയാന്‍ ശ്രമിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

ഇതില്‍ പ്രതികരിച്ച് കൊണ്ട് പുന്നല ശ്രീകുമാറും രംഗത്തെത്തിയിരുന്നു. ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കുന്നതിനോട് കെ.പി.എം.എസ് എതിര്‍പ്പ് അറിയിച്ചിരുന്നു. ആ നടപടിയോട് യോജിക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കെ.പി.എം.എസ് ഏറ്റെടുത്ത കാര്യം ഉത്തരവാദിത്തതോടെ നിറവേറ്റും. നിലപാടില്‍ നിന്ന് കെ.പി.എം.എസ് പിന്നോട്ടു പോകില്ല. നവംബറില്‍ നിര്‍ണായക വിധി വരുന്നത് വരെ കാത്തിരിക്കാമെന്നുമായിരുന്നു പുന്നല ശ്രീകുമാര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചുവെന്ന ആരോപണത്തിനും പുന്നല ശ്രീകുമാര്‍ മറുപടി പറഞ്ഞിരുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് പാലക്കാടന്‍ സംസ്‌കാരമാണെന്നായിരുന്നു ഇതിന് ശ്രീകുമാര്‍ നല്‍കിയ വിശദീകരണം.

കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് പെണ്‍കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരു ദിവസം സമരമിരുന്നിരുന്നു.

അതേസമയം വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്താനും തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.

13ഉം 9ഉം വയസുള്ള പെണ്‍കുട്ടികള്‍ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട പാലക്കാട് സെഷന്‍സ് കോടതി (പോക്സോ കോടതി) ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോക്സോ കോടതി ആറ് കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടത്.

ഇതിലാണ് സെഷന്‍സ് കോടതി വിധി റദ്ദാക്കി കൂടുതല്‍ അന്വേഷണം നടത്തി പുനര്‍ വിചാരണയ്ക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലായിരുന്നു സര്‍ക്കാര്‍ ആദ്യം അപ്പീല്‍ നല്‍കിയത്.

52 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടിയെ 2017 ജനുവരി 13നാണ് വീട്ടിലെ മുറിയില്‍ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ പെണ്‍കുട്ടിയെ മാര്‍ച്ച് നാലിനും അതേ മുറിയില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Parents of Walayar Daughters sitting protest in front of their home for 7 days

We use cookies to give you the best possible experience. Learn more