| Wednesday, 2nd September 2020, 9:39 pm

കൊവിഡ് പകരാതിരിക്കാന്‍ മൂന്ന് കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ടു; പൂട്ടിയിട്ടത് നാല് മാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റോക്ക്‌ഹോം: കൊറോണ വൈറസ് പകരാതിരിക്കാന്‍ സ്വീഡനില്‍ മാതാപിതാക്കള്‍ മൂന്ന് കുഞ്ഞുങ്ങളെ നാല് മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത പുറത്തായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി.

പത്ത് വയസ്സിനും പതിനേഴ് വയസ്സിനും ഇടയിലുള്ള മൂന്ന് കൂട്ടികളെയാണ് മുറികളില്‍ പൂട്ടിയിട്ട അവസ്ഥയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള സമയത്താണ് മാതാപിതാക്കള്‍ കുട്ടികളെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്ന് പുറത്തേക്ക് വിടാതായത്.

മൂന്ന് മുറികളിലായിട്ടാണ് കുട്ടികളെ പൂട്ടിയിട്ടത്. അവരെ പരസ്പരം കാണാനും സംസാരിക്കാനും മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. മൂന്ന് പേര്‍ക്കും ഭക്ഷണം എത്തിച്ചിരുന്നു. അതിന് ശേഷം അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു.

്കുട്ടികളെ പുറത്ത് കാണാതായതോടെ പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തായത്. തുടര്‍ന്ന് മൂന്നുപേരേയും വീടിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

കുട്ടികളുടെ സമ്മതമില്ലാതെ അവരെ ഇത്തരത്തില്‍ പൂട്ടിയിട്ട മാതാപിതാക്കളുടെ നടപടി തികച്ചും ക്രൂരമാണെന്നാണ് ജോംഗോപിംഗ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ കുട്ടികളുടെ മാതാപിതാക്കള്‍ സ്വീഡനിലെ സ്ഥിരം താമസക്കാരല്ല. അവര്‍ക്ക് ഇവിടുത്തെ ഭാഷയും അറിയില്ല. തങ്ങളുടെ മാതൃരാജ്യത്തെ ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചാണ് അവര്‍ കുട്ടികളെ പൂട്ടിയിട്ടതെന്ന് കേസില്‍ മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമല്ല സ്വീഡന്‍. ഇവിടെ 16 വയസ്സുവരെയുള്ള കുട്ടികളുടെ സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നതാണ്. എന്നാല്‍നിലവില്‍ മറ്റ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്കാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights: parents-lock-up-children-for-months-over-virus-fears-in-sweden

We use cookies to give you the best possible experience. Learn more